
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉപദേശമാണ് തന്‍റെ സെഞ്ചുറി നേട്ടത്തിനു പ്രചോദനമായതെന്ന് അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍. 24 വര്‍ഷം ക്രിക്കറ്റ് കളിച്ച ഇതിഹാസ താരം അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ പങ്കിട്ടു. അതില്‍ അദ്ദേഹത്തോട് വലിയ നന്ദിയുണ്ട്. സച്ചിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് താന്‍ പിച്ചില്‍ ചെയ്തതെന്ന് സദ്രാന്‍ സെഞ്ചുറി നേട്ടത്തിനു ശേഷം പറഞ്ഞു.
സദ്രാന്‍ ഇതുവരെ ഏകദിനത്തില്‍ അഞ്ച് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമടക്കം 1271 റണ്‍സ് നേടിയിട്ടുണ്ട്. 53 ആണ് ശരാശരി. സദ്രാന്‍റെ അഞ്ച് സെഞ്ചുറികളില്‍ അഞ്ചും പിറന്നത് കഴിഞ്ഞ 18 മാസത്തിനിടെയാണ്. ഈ ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ ആദ്യ പത്തു സ്ഥാനങ്ങളിലെത്താനും സദ്രാനായി.
ഓസ്ട്രേലിയയ്ക്കെതിരേ ആദ്യമായാണ് ഒരു അഫ്ഗാനിസ്ഥാന്‍ താരം സെഞ്ചുറി നേടുന്നത്. അതുപോലെ ഓസീസിനെതിരേ അഫ്ഗാന്‍ നേടുന്ന ഉയര്‍ന്ന സ്കോറുമാണ് ഇന്നലെ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന അഫ്ഗാന്‍റെ ആദ്യതാരമാകാനും സദ്രാന് സാധിച്ചു.
2015 ലോകകപ്പില്‍ സ്കോട്ലന്‍ഡിനെതിരേ 96 റണ്‍സെടുത്ത സമിയുള്ള ഷന്‍വാരിയുടെ പേരിലായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ സദ്രാന്‍ 87 റണ്‍സെടുത്തിരുന്നു.
കേവലം 21 വര്‍ഷവും 330 ദിവസവും പ്രായമുള്ളപ്പോഴാണ് സദ്രാന്‍ ലോകകപ്പില്‍ തന്‍റെ സെഞ്ചുറി നേടുന്നത്. ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം കൂടിയാണ് സദ്രാന്‍.