ഒന്നാം നമ്പർ കളിക്കാരനെ ഒഴിവാക്കിയതെന്തിനെന്നു മനസിലാകുന്നില്ല: സച്ചിൻ

ലോക ക്രിക്കറ്റിലെ പുതിയ ദക്ഷിണാഫ്രിക്ക എന്നാണ് ചില ആരാധകർ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ വിശേഷിപ്പിക്കുന്നത്
ഒന്നാം നമ്പർ കളിക്കാരനെ ഒഴിവാക്കിയതെന്തിനെന്നു മനസിലാകുന്നില്ല: സച്ചിൻ

മുംബൈ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പൊരുതാതെ കീഴടങ്ങിയതോടെ ടീം തെരഞ്ഞെടുപ്പിനെയും തന്ത്രങ്ങളെയുമെല്ലാം കുറിച്ച് വിമർശനങ്ങളുടെ പെരുമഴ. ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ ആർ. അശ്വിനെ എന്തുകൊണ്ട് ഫൈനൽ ഇലവനിൽ ഉൾപ്പെടുത്തിയില്ലെന്നു തനിക്കു മനസിലാകുന്നില്ലെന്നാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ ട്വീറ്റ് ചെയ്തത്.

മികച്ച സ്പിന്നർമാർക്ക് പിച്ചിൽ നിന്നു ടേൺ ലഭിക്കണമെന്നു നിർബന്ധമില്ല. വായുവിലെ ഡ്രിഫ്റ്റും പിച്ചിലെ ബൗൺസുമെല്ലാം അവർ സമർഥമായി ഉപയോഗിക്കും. ഓസ്ട്രേലിയയുടെ ആദ്യ എട്ടു ബാറ്റ്സ്മാൻമാരിൽ അഞ്ചു പേരും ഇടങ്കയ്യൻമാരായിരുന്നു എന്നത് മറക്കാൻ പാടില്ലായിരുന്നു എന്നും സച്ചിൻ ചൂണ്ടിക്കാട്ടി.

നാലു പേസ് ബൗളർമാരെ ഉൾപ്പെടുത്താൻ വേണ്ടി ആർ. അശ്വിനെ പുറത്തിരുത്തുകയാണ് ഇന്ത്യൻ ടീം മാനെജ്മെന്‍റ് ചെയ്തത്. രവീന്ദ്ര ജഡേജ‌യെ മാത്രമാണ് സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ നേഥൻ ലിയോൺ രണ്ടാമിന്നിങ്സിൽ നാലു വിക്കറ്റുമായി നിർണായക പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

ലോക ക്രിക്കറ്റിലെ പുതിയ ദക്ഷിണാഫ്രിക്ക എന്നാണ് ചില ആരാധകർ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ വിശേഷിപ്പിക്കുന്നത്. ഐസിസി ടൂർണമെന്‍റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ സ്ഥിരമായി തോൽക്കുന്നതാണു കാരണം. 2013നു ശേഷം ഇത് എട്ടാം തവണയാണ് ഇന്ത്യ ഒരു ഐസിസി നോക്കൗട്ട് മത്സരത്തിൽ പരാജയപ്പെടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com