സച്ചിനെ അറിയാത്ത രണ്ടാമത്തെ സുശീല...; ഇവൾ സഹീർ ഖാനെപ്പോലെയെന്ന് ക്രിക്കറ്റ് ഇതിഹാസം | Viral Video

സച്ചിൻ ടെൻഡുൽക്കർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി

സച്ചിൻ ടെൻഡുൽക്കറുടെ പോസ്റ്റർ കണ്ട് ''ഇതാരാ ചേട്ടാ?'' എന്നു ചോദിച്ച സുശീലയെ ഓർമയില്ലേ- 1983 എന്ന നിവിൻ പോളി ചിത്രത്തിലെ നായിക സുശീലയെ.

ഇപ്പോഴിതാ മറ്റൊരു സുശീലയും ചോദിക്കുകയാണ്, സച്ചിൻ ടെൻഡുൽക്കർ ആരാണെന്ന്. രാജസ്ഥാൻകാരിയായ ഈ സുശീലയ്ക്ക് പത്ത് വയസേയുള്ളൂ. ഏതാനും ദിവസം മുൻപ് വരെ സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടി മാത്രമായിരുന്നു സുശീല മീണ. ജനിച്ചുവളർന്ന കൊച്ചു ഗ്രാമത്തിൽ പുറംലോകത്തെക്കുറിച്ച് ഒന്നുമറിയാതെ കളിച്ചു നടന്ന ഒരു ചെറിയ കുട്ടി.

പക്ഷേ, അവൾ ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ സക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്കു കിട്ടി. അദ്ദേഹം അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കളി മാറി. രാജ്യമെമ്പാടുമെന്നല്ല, ക്രിക്കറ്റ് പ്രചാരത്തിലുള്ള ലോക രാജ്യങ്ങളിലെല്ലാം സുശീല മണിക്കൂറുകൾക്കുള്ളിൽ വൈറലായി. ബിബിസിയിൽ വരെ ലേഖനവും വീഡിയോയും വന്നു.

സഹീർ ഖാനെ ഓർമിപ്പിക്കുന്ന ബൗളിങ് ആക്ഷൻ എന്ന അടിക്കുറിപ്പോടെയാണ് സുശീല മീണ പന്തെറിയുന്ന വീഡിയോ സച്ചിൻ പോസ്റ്റ് ചെയ്തത്. ക്രിക്കറ്റ് ഇതിഹാസത്തെപ്പോലും വിസ്മയിപ്പിച്ച ഈ കുഞ്ഞു പ്രതിഭയെ തേടി ഒരുപാട് സന്ദർശകരെത്തുന്നുണ്ട്. അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ കുഞ്ഞ് സുശീല പരുങ്ങി. ആരാണീ സച്ചിൻ ടെൻഡുൽക്കർ എന്ന് അവരോട് അവൾ തിരിച്ചു ചോദിച്ചു. ഇതോടെ വെട്ടിലായത് സുശീലയുടെ ഇന്‍റർവ്യൂ തേടിച്ചെന്നവരാണ്.

സച്ചിൻ ആരാണെന്ന് ചോദിച്ച മരിയ ഷറപോവയുടെ സോഷ്യൽ മീഡിയ പേജിൽ പോയി ഹിന്ദിയിലും മലയാളത്തിലുമൊക്കെ തെറി വിളിച്ച ഇന്ത്യക്കാർ പാവം സുശീലയെ വെറുതേ വിടുമോ എന്തോ.... അവളുടെ വീട്ടിൽ ടിവിയില്ല. അവൾ ഇന്നുവരെ നല്ലൊരു ക്രിക്കറ്റ് മത്സരം കണ്ടിട്ടുപോലുമില്ല.

പക്ഷേ, അവളുടെ ചെറിയ വീട്ടിൽ തിരക്കൊഴിയാത്ത ദിവസങ്ങളാണിപ്പോൾ. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ബന്ധുക്കളുമെല്ലാം കൂട്ടത്തോടെ ഒഴുകിയെത്തുകയാണ്. അവർക്കെല്ലാം സുശീല മീണയോടൊപ്പം ഒരു ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യണം. പക്ഷേ, സുശീലയും കുടുംബവും അതും കാണാനൊന്നും പോകുന്നില്ല. ടിവിയില്ലാത്ത വീട്ടിൽ ഇന്‍റർനെറ്റുള്ള ഫോണുമില്ല.

Susheela Meena
സുശീല മീണ

പക്ഷേ, ഫോട്ടോ എടുക്കാൻ വരുന്നവർക്കു മുന്നിൽ മുഖം കുനിച്ചു നിൽക്കുന്ന നാണക്കാരി, റബർ പന്ത് കൈയിൽ കിട്ടിയാൽ ആളാകെ മാറും. ബൗളിങ് ആക്ഷൻ മാത്രമല്ല, സഹീർ ഖാന്‍റെ ആക്രമണോത്സുകമായ ആറ്റിറ്റ്യൂഡ് പോലും ആ കണ്ണുകളിൽ തെളിഞ്ഞു കാണാം. സുശീലയുടെ പന്തുകൾ നേരിടാൻ വലിയ ബുദ്ധിമുട്ടാണെന്ന് നാട്ടിലെ എതിർ ടീം അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.‌

പക്ഷേ, സുശീലയെ കാണാനും ഫോട്ടോ എടുക്കാനും വരുന്ന പലരും അവളെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അമ്മ ശാന്തിബായിക്ക് പരാതിയുണ്ട്. പെൺകുട്ടിയെ ക്രിക്കറ്റ് കളിക്കാൻ വിടാതെ വീട്ടുജോലികൾ ശീലിപ്പിക്കണമെന്നാണത്രെ പലരുടെയും ഉപദേശം. അവരോട് മറുത്തു പറയാൻ നിൽക്കാറില്ലെങ്കിലും, അതൊന്നും താൻ അനുസരിക്കാൻ പോകുന്നില്ലെന്ന് ശാന്തിബായി പറയുന്നു.

സുശീല മാത്രമല്ല, അവളുടെ സ്കൂളിലെ പെൺകുട്ടികൾ അടക്കം എല്ലാവരും ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഈശ്വർലാൽ മീണ അധ്യാപകനാണ് ഇതിനു പിന്നിൽ. 2017ൽ താൻ ഈ സ്കൂളിൽ ജോലിക്കു ചേർന്നതു മുതൽ കുട്ടികളെ ക്രിക്കറ്റ് കളിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

Zaheer Khan
സഹീർ ഖാൻ

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com