'ദൈവതുല്യൻ' വിരാട് കോലി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ബാറ്റർ ആരെന്നൊരു ചോദ്യം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റൻ നാസർ ഹുസൈന്‍റെ മുന്നിൽ വന്നുവീണു...
Virat Kohli and Sachin Tendulkar
Virat Kohli and Sachin Tendulkaricc-cricket

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ബാറ്റർ ആരെന്നൊരു ചോദ്യം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റൻ നാസർ ഹുസൈന്‍റെ മുന്നിൽ വന്നുവീണു. ഇന്ത്യൻ ക്രിക്കറ്റിനെ പരിഹസിക്കാൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത ഹുസൈൻ പക്ഷേ, ഈ ചോദ്യത്തിനു മുന്നിൽ ഡിപ്ലോമാറ്റിക്കായി- ''ആദ്യം ബാറ്റ് ചെയ്യുമ്പോൾ സച്ചിൻ ടെൻഡുൽക്കർ, ചെയ്സ് ചെയ്യുമ്പോൾ വിരാട് കോലി''.

ആധുനിക ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നൊരു ചോദ്യത്തിനാണ് നാസർ ഹുസൈൻ അനായാസം മറുപടി കണ്ടെത്തിയത്. എങ്കിലും പരമ്പരാഗത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് സച്ചിൻ ടെൻഡുൽക്കർ വെറും ക്രിക്കറ്റ് താരമല്ല, ക്രിക്കറ്റ് ദൈവം തന്നെയാണ്. പക്ഷേ, ഇപ്പോഴിതാ മറ്റൊരു അവതാരപ്പിറവി അവിടെ ആ ദൈവത്തിനു തുല്യനായിരിക്കുന്നു, ചുരുങ്ങിയ പക്ഷം ഏകദിന ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണത്തിലെങ്കിലും.

മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറികളില്‍ ഇതിഹാസം സച്ചിന്‍ ടെൻഡുല്‍ക്കറുടെ റെക്കോഡിനൊപ്പെമത്തി വിരാട് കോലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടിയാണ് കോലി സച്ചിന്‍റെ റെക്കോഡിനൊപ്പമെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്.

സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രം. സച്ചിന്‍റെ ഏകദിന കരിയറിലെ അവസാന മത്സരവും കരിയറിലെ നൂറാം സെഞ്ചുറിയുമായിരുന്നു അന്ന് ബംഗ്ലാദേശിനെതിരെ നേടിയത്. ഏകദിനത്തില്‍ 49-ഉം ടെസ്റ്റില്‍ 51ഉം സെഞ്ചുറികളടക്കം 100 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 35 കാരനായ കോലിക്ക് ഇനിയും 21 സെഞ്ചുറികള്‍ കൂടി വേണം. ടെസ്റ്റില്‍ 29ഉം ടി20യില്‍ ഒരു സെഞ്ചുറിയും അടക്കം 79 സെഞ്ചുറികളാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്.

2008ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ കോലി 2009ലാണ് ലങ്കയ്ക്കെതിരേ തന്നെയാണ് ആദ്യ ഏകദിന സെഞ്ചുറി നേടുന്നത്.

ലോകകപ്പില്‍ 1500 റണ്‍സ് പിന്നിട്ട കോലി ലോകകപ്പ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 45 മത്സരങ്ങളില്‍ 2278 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറും 46 മത്സരങ്ങളില്‍ 1743 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും മാത്രമാണ് ലോകകപ്പ് റണ്‍വേട്ടയില്‍ ഇനി കോലിക്ക് മുന്നിലുള്ളത്.

സച്ചിനും രോഹിത് ശര്‍മയ്ക്കും ശേഷം ലോകകപ്പില്‍ ലോകകപ്പില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാവാനും കോലിക്കായി. സച്ചിന്‍ 2003, 2011 ലോകകപ്പിലും രോഹിത് 2019 ലോകകപ്പിലും 500 ലേറെ റണ്‍സ് നേടിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി. വിനോദ് കാംബ്ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, റോസ് ടെയ്‌ലർ, ടോം ലാഥം, മിച്ല്‍ മാര്‍ഷ് എന്നിവരാണ് കോലിക്ക് മുമ്പ് പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടിയവര്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com