'ഗംഭീറിനെ പുറത്താക്കുക': #SackGautamGambhir ക്യാംപെയ്ൻ ചൂടുപിടിക്കുന്നു

ഗംഭീറിനെതിരായ വിമർശനങ്ങൾക്കു പിന്നിൽ എന്തോ അജൻഡയുണ്ടെന്നും, അതു വളരെ മോശമാണെന്നുമാണ് അദ്ദേഹത്തിന്‍റെ സംഘത്തിലെ ബാറ്റിങ് കോച്ച് സിതാംശു കോട്ടക് പറയുന്നത്
'ഗംഭീറിനെ പുറത്താക്കുക': #SackGautamGambhir ക്യാംപെയ്ൻ ചൂടുപിടിക്കുന്നു

ഗൗതം ഗംഭീർ.

Updated on

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ഹാഷ് ടാഗ് ക്യാംപെയ്ൻ സമൂഹ മാധ്യമങ്ങളിൽ സജീവം. ന്യൂസിലൻഡിനെതിരേ ഹോം ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യ ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരേ ഫോളോ ഓൺ നേരിടുകയാണ്.

ഹോം ടെസ്റ്റുകളിൽ പരമ്പരാഗതമായി ഇന്ത്യക്കുള്ള ആധിപത്യം നശിപ്പിച്ചത് ഗംഭീർ ആണെന്ന് വിമർശകർ ആരോപിക്കുന്നു. ഇതിനിടെ ദുർബലമായ വെസ്റ്റിൻഡീസ് ടീമിനെതിരേ മാത്രമാണ് ഇന്ത്യക്ക് പരമ്പര നേടാൻ സാധിച്ചത്.

സായ് സുദർശനെയും ധ്രുവ് ജുറെലിനെ ഹർഷിത് റാണയെയും നിതീഷ് കുമാർ റെഡ്ഡിയെയും പോലുള്ള ഐപിഎൽ താരങ്ങളെ ടെസ്റ്റ് ക്രിക്കറ്റ് കളിപ്പിക്കുന്ന ഗംഭീർ, രഞ്ജി ട്രോഫിയിൽ വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാരെ അവഗണിക്കുകയാണ്.

ഇതിനൊപ്പം, ബാറ്റിങ് - ബൗളിങ് സ്പെഷ്യലിസ്റ്റുകൾ കൈകാര്യം ചെയ്യേണ്ട റോളുകൾ ശരാശരിക്കാരായ ഓൾറൗണ്ടർമാരെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ചില പരീക്ഷണങ്ങളിൽ ഏകദിന - ടി20 ഫോർമാറ്റുകളിൽ ഗുണം ചെയ്യാമെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം സ്പെഷ്യലിസ്റ്റുകളെ തന്നെയാണെന്ന് ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.‌

ശുഭ്മൻ ഗില്ലിനെ പോലൊരു യുവ ക്യാപ്റ്റനെ നിയോഗിച്ചതു തന്നെ ഗംഭീറിനു ടീമിൽ പൂർണ നിയന്ത്രണം കിട്ടാനാണെന്ന വിമർശനവും ഇപ്പോൾ ശക്തമായിട്ടുണ്ട്. അതേസമയം, ഗംഭീറിനെതിരായ വിമർശനങ്ങൾക്കു പിന്നിൽ എന്തോ അജൻഡയുണ്ടെന്നും, അതു വളരെ മോശമാണെന്നുമാണ് അദ്ദേഹത്തിന്‍റെ സംഘത്തിലെ ബാറ്റിങ് കോച്ച് സിതാംശു കോട്ടക് നേരത്തെ ആരോപിച്ചത്.

ബിസിസിഐയിലെ ഉന്നതരുടെ ശക്തമായ പിന്തുണയുള്ള ഗംഭീറിന്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ മേലും വ്യക്തമായ സ്വാധീനുണ്ട് എന്നത് ടീം സെലക്ഷനുകളിൽ വ്യക്തമാണ്. ടെസ്റ്റ് മത്സരങ്ങളിൽ തകർന്നടിയുമ്പോഴും, ചാംപ്യൻസ് ട്രോഫിയും ഏഷ്യ കപ്പും അടക്കം നേടിയ വൈറ്റ് ബോൾ ക്രിക്കറ്റിലെ പ്രകടനങ്ങളുടെ പേരിൽ ഗംഭീറിന് പരിശീലക സ്ഥാനത്ത് തുടരാൻ സാധിച്ചേക്കും.

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനും അതിനു ശേഷമുള്ള ഏകദിന ലോകകപ്പിനുമുള്ള ടീമിനെ സജ്ജമാക്കാൻ അദ്ദേഹത്തിനു സാധിക്കുമെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ, അടുത്ത ടെസ്റ്റ് ലോക ചാംപ്യൻഷിപ്പിന്‍റെ ഫൈനലിലും ഇന്ത്യ ഉണ്ടാകില്ലെന്ന കാര്യത്തിൽ ഇപ്പോൾ തന്നെ ഏറെക്കുറെ ഉറപ്പാവുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com