സൈന നെഹ്‌വാളും വിവാഹമോചനത്തിലേക്ക്; പ്രതികരിക്കാതെ കശ്യപ്
ന്യൂഡൽഹി: വിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഡ്മിന്‍റൺ താരമായ പി.കശ്യപാണ് സൈനയുടെ ഭർത്താവ്. 7 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ജീവിതം ചിലപ്പോൾ വ്യത്യസ്ത ദിശകളിലേക്ക് നമ്മെ കൊണ്ടു പോകും.. ഒരു പാട് ചിന്തിച്ചതിനു ശേഷം കശ്യപ് പരുപ്പള്ളിയുമായി വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു.
ഞങ്ങൾ ഇരുവരും സ്വയവും പരസ്പരവും സമാധാനം, വളർച്ച, സൗഖ്യം എന്നിവയാണ് തെരഞ്ഞെടുക്കുന്നത്. ഞങ്ങളുടെ സ്വകാര്യത മനസിലാക്കുന്നതിനും ബഹുമാനിക്കുന്നതിനും നന്ദി എന്നാണ് സൈന കുറിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കശ്യപ് ഇതു വരെ പ്രതികരിച്ചിട്ടില്ല.
2018ലാണ് സൈനയും കശ്യപും വിവാഹിതരായത്. പുല്ലേല ഗോപിചന്ദ് അക്കാഡമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഒളിമ്പിക്സ്, കോമൺവെൽത് മെഡൽ ജേതാവാണ് സൈന. 2024ൽ തനിക്ക് ആർത്രൈറ്റിസ് ബാധിച്ചതായി സൈന വെളിപ്പെടുത്തിയിരുന്നു. ഇതു മൂലം മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം.