ദിനേശ് കാർത്തിക്കിനെ നെറ്റ്സിൽ വട്ടം കറക്കി 21കാരൻ; ഇന്ത‍്യൻ ഷോയിബ് അക്തറെന്ന് ആരാധകർ| Video

40 കാരനായ ദിനേശ് കാർത്തിക്കിനെ വിറപ്പിച്ച ഒരു ബിഹാർ പേസറാണ് കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം
sakib hussain bihar pacer fast bowling against dinesh karthik

സാക്കിബ്ഹുസൈൻ, ദിനേശ് കാർത്തിക്

Updated on

ഇന്ത‍്യൻ ക്രിക്കറ്റ് താരങ്ങളിൽ മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിലൊരാളാണ് ദിനേശ് കാർത്തിക്. ക്ലാസ് കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ഏറെ ആരാധക വൃന്ദത്തെ സൃഷ്ടിച്ച കാർത്തിക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞെങ്കിലും അടുത്തിടെ ദുബായിൽ നടന്ന ഇന്‍റർനാഷണൽ ടി20 ടൂർണമെന്‍റിൽ സജീവ സാന്നിധ‍്യമായിരുന്നു. എന്നാൽ 40 കാരനായ ദിനേശ് കാർത്തിക്കിനെ വിറപ്പിച്ച ഒരു ബിഹാർ പേസറാണ് കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയം.

ഒരു നെറ്റ് സെഷനിടെ വെടിയുണ്ടകൾ പോലെ ചീറിപായുന്ന വേഗതയിലെത്തുന്ന പേസിനു മുന്നിൽ ബുദ്ധിമുട്ടുന്ന കാർത്തിക്കിനെയാണ് പ്രചരിക്കുന്ന വിഡിയോയിൽ നിന്നും കാണാൻ സാധിക്കുന്നത്. 21 കാരനായ ബിഹാർ പേസർ സാക്കിബ് ഹുസൈനാണ് ദിനേശ് കാർത്തിക്കിനെ വിറപ്പിച്ചത്. പലരും ഇന്ത‍്യൻ ഷോയിബ് അക്തർ എന്നൊക്കെയാണ് ബിഹാർ താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

140ന് കിലോമീറ്ററിനു മുകളിൽ വേഗതയിൽ ഒരു ഉഗ്രൻ ബൗൺസറാണ് സാക്കിബ് ദിനേശിനെതിരേ പ്രയോഗിച്ചത്. ബാറ്റു വയ്ക്കാൻ സാധിക്കാതെ ദിനേശ് കാർത്തിക്കിന്‍റെ ഹെൽമറ്റിൽ തട്ടി സ്റ്റംപ് തെറിച്ചു. വീണ്ടും ബൗൺസർ എറിഞ്ഞെങ്കിലും കാർത്തിക് ഒഴിഞ്ഞുമാറി. മൂന്നാം പന്തിൽ ഗുഡ് ലെങ്ത്ത് ഡെലിവറിയിൽ എറിഞ്ഞ പന്ത് പ്രതിരോധിക്കാൻ സാധിക്കാതെ വന്ന കാർത്തിക്കിനെയാണ് കണ്ടത്.

ബിഹാറിലെ ഗോപാൽഗഞ്ചിൽ ജനിച്ചു വളർന്ന സാക്കിബ് 2022ൽ നടന്ന സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിലൂടെയാണ് വരവറിയിച്ചത്. എന്നാൽ‌ അരങ്ങേറ്റ മത്സരത്തിൽ പ്രതീക്ഷിച്ചൊരു നേട്ടമായിരുന്നില്ല താരത്തിന് ലഭിച്ചത്. 2 ഓവർ പന്തെറിഞ്ഞ താരത്തിന് വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചില്ല. 27 റൺസ് വഴങ്ങുകയും ചെയ്തു. സാക്കിബിനെ ഒരു സൈനികനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.

പക്ഷേ വീടിനു സമീപത്തെ സ്റ്റേഡിയത്തിൽ മറ്റു താരങ്ങൾ പരിശീലനം ചെയ്യുന്നത് കാണാൻ ഇടയായതോടെയാണ് സാക്കിബ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. പരീശിലനത്തിന് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ മാതാവിന്‍റെ സ്വർണാഭരണങ്ങളായിരുന്നു തുണയായതെന്ന് സാക്കിബ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

ചുറ്റുമുള്ളവരിൽ നിന്ന് പരിഹാസവും അവഗണനയും നേരിട്ടപ്പോഴെല്ലാം തന്‍റെ ലക്ഷ‍്യം കൈവിടാതെ സാക്കിബ് മുന്നോട്ടു നീങ്ങി. പിന്നീട് രഞ്ജി ട്രോഫി ടീമിലേക്ക് സെലക്ഷൻ ലഭിച്ചപ്പോൾ നല്ലൊരു ഷൂസ് പോലും സാക്കിബിനുണ്ടായിരുന്നില്ല. കീറിയ ഷൂസുമായാണ് സാക്കിബ് കളത്തിലിറങ്ങിയിരുന്നത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ 30 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് സാക്കിബിനെ ടീമിൽ വിളിച്ചെടുത്തിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള യുവതാരത്തിന്‍റെ വളർച്ച അതിശയിപ്പിക്കുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com