
സൽമാൻ അലി ആഘ
കറാച്ചി: പാക്കിസ്ഥാൻ താരം സൽമാൻ അലി ആഘയെ ടി20 ക‍്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. പകരകാരനായി ഷദാബ് ഖാനെ ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
30 ടി20 മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ച സൽമാൻ അലി ആഘ 17 തവണ ടീമിനെ വിജയിപ്പിച്ചിട്ടുണ്ടെങ്കിലും ഏഷ‍്യ കപ്പിൽ ഇന്ത‍്യക്കെതിരേ മൂന്ന് മത്സരങ്ങളിൽ ദയനീയമായി പരാജയപ്പെട്ടതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
ബാറ്ററെന്ന നിലയിലും സൽമാൻ അലി ആഘ മോശം പ്രകടനമായിരുന്നു ഏഷ‍്യ കപ്പിൽ കാഴ്ചവച്ചത്. ടൂർണമെന്‍റിൽ ആകെ 72 റൺസ് മാത്രമെ താരത്തിന് നേടാൻ സാധിച്ചിരുന്നുള്ളൂ. അതേസമയം, ഷദാബ് ഖാൻ ബംഗ്ലാദേശിനെതിരായി നടന്ന പരമ്പരക്കിടെ പരുക്കേറ്റതിനാൽ വിശ്രമത്തിലാണ്.
അടുത്ത മാസത്തോടെ താരം ടീമിനൊപ്പം ചേർന്നേക്കുമെന്നാണ് സൂചന. പാക്കിസ്ഥാൻ സൂപ്പർ ലീഗിലും ആഭ‍്യന്തര ക്രിക്കറ്റിലും ടീമിനെ നയിച്ചുള്ള പരിചയസമ്പത്ത് താരത്തിന് മുതൽ കൂട്ടായേക്കും. 112 ടി20 മത്സരങ്ങളിൽ നിന്ന് 792 റൺസും 112 വിക്കറ്റുകളും ഷദാബ് ഖാൻ നേടിയിട്ടുണ്ട്.