
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് സി ഗ്രൂപ്പ് മത്സരത്തിൽ കേരളം ബിഹാറിനെതിരേ ബാറ്റിങ് തകർച്ചയിൽനിന്ന് കരകയറി. നിർണായക മത്സരത്തിൽ, 81 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ കേരളത്തിന്‍റെ രക്ഷകനായത് സൽമാൻ നിസാർ.
ഇരുപത്തേഴുകാരനായ ഇടങ്കയ്യൻ ബാറ്റർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്‍റെ കന്നി സെഞ്ചുറി കുറിച്ചു. 172 പന്തിൽ 111 റൺസെടുത്ത സൽമാൻ പുറത്തായിട്ടില്ല. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എടുത്തിട്ടുണ്ട്.
യുവതാരം ഷോൺ റോജറുമൊത്ത് (59) സൽമാൻ അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 89 റൺസാണ് വൻ തകർച്ച ഒഴിവാക്കിയത്. റോജറിനു പിന്നാലെ, കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ മുഹമ്മദ് അസറുദ്ദീൻ (9), ജലജ് സക്സേന (5), ആദിത്യ സർവാതെ (6) എന്നിവർ പുറത്തായതോടെ വീണ്ടും തകർച്ച (202/8).
എന്നാൽ, പതറാതെ ഒരറ്റം കാത്ത സൽമാന് പത്താം നമ്പറിലിറങ്ങിയ എം.ഡി. നിധീഷ് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ 79 റൺസ് കൂടി ടീം ടോട്ടലിനോടു ചേർത്തു. പതിനൊന്നാമനായി കളിക്കുന്ന വൈശാഖ് ചന്ദ്രൻ 14 പന്തിൽ ഒരു റണ്ണുമായി ചെറുത്തുനിൽക്കുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ഇതുവരെ 21 റൺസ് പിറന്നുകഴിഞ്ഞു.
ഒമ്പത് വർഷം മുൻപ്, പതിനെട്ടാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും പൊതുവേ ലിമിറ്റഡ് ഓവർ സ്പെഷ്യലിസ്റ്റായാണ് സൽമാൻ അറിയപ്പെട്ടിരുന്നത്. 28 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഇതുവരെ ആറ് അർധ സെഞ്ചുറികൾ മാത്രമാണ് നേടിയിരുന്നത്.
എന്നാൽ, കഴിഞ്ഞ വർഷത്തോടെ കൂടുതൽ മികവിലേക്കുയർന്ന സൽമാൻ ക്രമേണ രഞ്ജി ട്രോഫി ടീമിലും സ്ഥിരം സാന്നിധ്യമായി. കഴിഞ്ഞ മത്സരത്തിൽ രഞ്ജി ട്രോഫിയിൽ ആയിരം റൺസ് തികച്ചു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്‍റിൽ കേരളത്തിന്‍റെ ക്യാപ്റ്റനുമായിരുന്നു സൽമാൻ നിസാർ.