ഓർമകൾക്ക് നന്ദി: വിടവാങ്ങൽ മത്സരത്തിൽ വികാരാധീനയായി സാനിയ മിർസ

ഏറ്റവും ഉയർന്ന തലത്തിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഒരു കായികതാരത്തിന്‍റെ ഏറ്റവും വലിയ സന്തോഷം
ഓർമകൾക്ക് നന്ദി: വിടവാങ്ങൽ മത്സരത്തിൽ വികാരാധീനയായി സാനിയ മിർസ
Updated on

ഹൈദരാബാദ് : ഓർമകൾക്കു നന്ദി, വീ വിൽ മിസ് യൂ, സാനിയ എന്നെഴുതിയ പ്ലക്കാർഡുകളിലെ സ്നേഹാക്ഷരങ്ങൾക്കു മുന്നിൽ ടെന്നിസ് പ്ലെയർ എന്ന സജീവ വിശേഷണത്തിനു വിരാമമിട്ടു കൊണ്ടു സാനിയ മിർസ നിന്നു. ഹൈദരാബാദിലെ ലാൽ ബഹാദൂർ ശാസ്ത്രി ടെന്നിസ് സ്റ്റേഡിയത്തിൽ സാനിയയുടെ ഫെയർവെൽ എക്സ്ബിഷൻ ഗെയിം കാണാനായി ധാരാളം പേർ എത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ദുബായിൽ നടന്ന ഡ്യൂട്ടി ഫ്രീ ചാംപ്യൻഷിപ്പിലാണ് സാനിയ തന്‍റെ അന്താരാഷ്ട്ര കരിയർ അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്.

സാനിയുടെ ജീവിതത്തിൽ ഹൈദരാബാദ് ടെന്നിസ് സ്റ്റേഡിയത്തിനു പ്രാധാന്യമുണ്ട്. രണ്ടു പതിറ്റാണ്ടു മുമ്പ് സാനിയയുടെ ടെന്നിസ് കരിയറിനു തുടക്കമായത് ഇവിടെ നിന്നായിരുന്നു, ഇപ്പോൾ ഒടുക്കവും. കേന്ദ്ര നിയമമന്ത്രി കിരൺ റിജുജു, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയവരും ഫെയർവെൽ എക്സിബിഷൻ ഗെയിം കാണാനായി എത്തിയിരുന്നു.

രാജ്യത്തിനു വേണ്ടി ഇരുപതു വർഷത്തോളം കളിക്കാൻ കഴിഞ്ഞതാണു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നു വിടവാങ്ങ‌ൽ പ്രസംഗത്തിൽ സാനിയ പറഞ്ഞു. ഏറ്റവും ഉയർന്ന തലത്തിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഒരു കായികതാരത്തിന്‍റെ ഏറ്റവും വലിയ സന്തോഷം. അതു സാധിച്ചു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നു. ഇതിലും നല്ലൊരു വിടവാങ്ങൽ ലഭിക്കാനില്ല, കണ്ണു നിറഞ്ഞു കൊണ്ട് സാനിയ പറഞ്ഞവസാനിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com