

മുംബൈ: അടുത്ത ഒക്റ്റോബറില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ചയ്ക്കു മുൻപ് പ്രഖ്യാപിക്കും. 15 അംഗ താത്കാലിക ടീമിനെ പ്രഖ്യാപിക്കുന്നതിന് സെപ്റ്റംബര്‍ 5 വരെ, അതായത് ചൊവ്വാഴ്ച വരെയാണ് സമയപരിധി. ഈ ടീമിൽ സെപ്റ്റംബർ 28 വരെ മാറ്റം വരുത്താനും അനുമതിയുണ്ട്.
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം സെപ്റ്റംബര്‍ രണ്ടിനാണ്. അതിനു ശേഷം ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം, ടീമിന്‍റെ മധ്യനിര സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഏഷ്യ കപ്പിനു 17 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കെ.എൽ. രാഹുലിന് ഇപ്പോഴും പരുക്കുള്ള സാഹചര്യത്തിൽ റിസർവ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ഉൾപ്പെടുത്തി. ഏഷ്യ കപ്പിനു ശ്രീ ലങ്കയിലേക്കു പോയ ടീമിൽ രാഹുൽ ഉൾപ്പെട്ടിട്ടില്ല. അദ്ദേഹം ബംഗളൂരുവിൽ മത്സരക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമം തുടരുകയാണ്.
ഏഷ്യ കപ്പിനുള്ള ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയായിരിക്കും ലോകകപ്പ് ടീമും പ്രഖ്യാപിക്കുക എന്നാണ് സൂചന. എന്നാൽ, രണ്ടു പേരെ ടീമിൽ നിന്ന് ഒഴിവാക്കിയാകും 15 പേരായി പരിമിതപ്പെടുത്തുക. രാഹുൽ മത്സരക്ഷമത വീണ്ടെടുക്കുകയാണെങ്കിൽ സൂര്യകുമാർ യാദവോ തിലക് വർമയോ പുറത്താകാനാണ് സാധ്യത, സഞ്ജു പരിഗണിക്കപ്പെടുകയുമില്ല. രാഹുൽ ഇല്ലെങ്കിൽ റിസർവ് വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലെത്തും.
കെ.എല്‍. രാഹുലിന് പകരക്കാരന്‍ എന്ന നിലയിലാണ് ഏഷ്യാകപ്പിലും സഞ്ജുവിനെ ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയത്. രാഹുലിനെ ഉൾപ്പെടുത്തിയാൽ ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടമുണ്ടാകില്ല. ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാലാണിത്. ഇടങ്കയ്യൻ ബാറ്ററാണ് എന്നതും, കിട്ടിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി എന്നതും കിഷന് മുൻതൂക്കം നൽകുന്നു.
രോഹിത് ശര്‍മ തന്നെയാകും ടീമിനെ നയിക്കുക. വിരാട് കോലി, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ടീമിലുണ്ടാകുമെന്നുറപ്പാണ്.
ഏഷ്യ കപ്പിനു ശേഷം സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പ് ടീം തന്നെയാകും ഈ പരമ്പരയിൽ അണിനിരക്കുക.
സാധ്യതാ ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ / തിലക് വർമ / സൂര്യകുമാർ യാദവ് / സഞ്ജു സാംസൺ (ഇവരിൽ മൂന്നു പേർ), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ / ശാർദൂൽ താക്കർ (ഇവരിൽ ഒരാൾ).