Sanju Samson with Rishabh Pant
Sanju Samson with Rishabh Pant

സഞ്ജു ടീമിലെത്തും, രാഹുൽ പുറത്തേക്ക്; ലോകകപ്പിനുള്ള സാധ്യതാ ടീം ഇങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

സ്പോർട്സ് ലേഖകൻ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ബിസിസിഐ വൃത്തങ്ങളിൽ‌ നിന്നു ലഭിക്കുന്ന സൂചന പ്രകാരം തയാറാക്കിയ സാധ്യതാ ടീം ഇങ്ങനെ:

ടോപ് ഓർഡർ

  1. രോഹിത് ശർമ (ക്യാപ്റ്റൻ)

  2. യശസ്വി ജയ്സ്വാൾ

  3. വിരാട് കോലി

മധ്യനിര

  1. സൂര്യകുമാർ യാദവ്

  2. സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)

  3. ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)

  4. റിങ്കു സിങ് ‌

ഓൾറൗണ്ടർമാർ

  1. രവീന്ദ്ര ജഡേജ

  2. ഹാർദിക് പാണ്ഡ്യ

  3. അക്ഷർ പട്ടേൽ

  4. ശിവം ദുബെ

സ്പിന്നർ

  1. കുൽദീപ് യാദവ്

പേസ് ബൗളർമാർ

  1. ജസ്പ്രീത് ബുംറ

  2. മുഹമ്മദ് സിറാജ്

  3. അർഷ്‌ദീപ് സിങ് / ആവേശ് ഖാൻ

സാധ്യതയുള്ള മറ്റുള്ളവർ: കെ.എൽ. രാഹുൽ, യുസ്വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, സന്ദീപ് ശർമ, ടി. നടരാജൻ.

ഐപിഎൽ മാനദണ്ഡമല്ല

Abhishek Sharma
Abhishek Sharma

നിലവിൽ പുരോഗമിക്കുന്ന ഐപിഎൽ സീസണിലെ പ്രകടനങ്ങൾ ഒരു പരിധിയിൽ കൂടുതൽ ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് സൂചന. ഐപിഎല്ലിൽ അസാമാന്യ പ്രകടനങ്ങൾ നടത്തിയ അഭിഷേക് ശർമ, ശശാങ്ക് സിങ്, അശുതോഷ് സിങ്, മായങ്ക് യാദവ് തുടങ്ങിയവർ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്തവരായതിനാൽ ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്‍റിലേക്ക് നേരിട്ട് തെരഞ്ഞെടുക്കില്ല. 155 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയുന്ന മായങ്കിന്‍റെ കാര്യത്തിൽ സെലക്റ്റർമാർക്ക് താത്പര്യം ഉണ്ടായിരുന്നെങ്കിലും, അടിക്കടി പരുക്കേൽക്കുന്ന ശരീരപ്രകൃതിയാണ് തത്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിനു പിന്നിൽ.

വിക്കറ്റ് കീപ്പർമാർ

RR vs LSG match preview
Sanju Samson with KL Rahul

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഋഷഭ് പന്തിന് ഫോമും ഫിറ്റ്നസും തെളിയിക്കാനുള്ള അവസരം ഐപിഎല്ലിൽ ലഭിച്ചു. എന്നാൽ, ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ഇപ്പോൾ പരിഗണനയിലുള്ളത് കേരള താരം സഞ്ജു സാംസൺ തന്നെയാണ്. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സ്ട്രൈറ്റ് റേറ്റ് പിടിച്ചുനിർത്താൻ മികച്ച സ്പിന്നർമാർക്കു സാധിക്കാറുണ്ട് എന്നതുകൊണ്ട്, ബാക്ക് ഫുട്ടിൽ കരുത്തുറ്റ സ്ട്രോക്കുകൾ ഉതിർക്കാൻ ശേഷിയുള്ള സഞ്ജുവിനെ സ്പിൻ ഹിറ്റർ എന്ന നിലയിലാണ് പരിഗണിക്കുന്നത്. സഞ്ജുവും ഋഷഭും ഒരുമിച്ച് പ്ലെയിങ് ഇലവനിൽ വന്നാൽ ഋഷഭിന് ഫിനിഷർ റോളും നൽകും.

ഐപിഎല്ലിനു മുൻപ് ജിതേഷ് ശർമയ്ക്ക് ദേശീയ ടീമിൽ അവസരം ലഭിച്ചിരുന്നെങ്കിലും നിലവിൽ ഫോമിലല്ല. കെ.എൽ. രാഹുൽ ആകട്ടെ, ഓപ്പണറായാണ് ഐപിഎല്ലിൽ കളിക്കുന്നത്.

ടോപ് ഓർഡർ

Rohit Sharma, Virat Kohli
Rohit Sharma, Virat Kohli

രോഹിത് ശർമയും യശസ്വി ജയ്സ്വാളും വിരാട് കോലിയും സൂര്യകുമാർ യാദവും ആദ്യ നാലു സ്ഥാനങ്ങൾ ഉറപ്പിക്കുമ്പോൾ, ഇനിയൊരു ടോപ് ഓർഡർ ബാറ്ററെ കൂടി ടീമിൽ ആവശ്യം വരില്ല. അതാണ് കെ.എൽ. രാഹുലിന്‍റെ സാധ്യത അടയ്ക്കുന്നത്. ടോപ് ഓർഡറിലെ ഏക ഇടങ്കയ്യൻ എന്ന നിലയിലാണ് ജയ്സ്വാൾ ഇടം ഉറപ്പാക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികവുറ്റ പ്രകടനങ്ങളുടെ പിൻബലവുമുണ്ട്.

ടോപ് ഓർഡറിലെ നാലു പേരും വൺ ഡൈമൻഷനൽ കളിക്കാരായതാണ് സെലക്റ്റർമാർ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇവരിൽ ആരും പന്തെറിയുകയോ വിക്കറ്റ് കീപ്പ് ചെയ്യുകയോ ചെയ്യുന്നില്ല. അതിനാൽ ലഭ്യമായ എല്ലാ പവർ ഹിറ്റർമാരെയും ഉൾപ്പെടുത്തണമെങ്കിൽ ടോപ് ഓർഡറിൽ നിന്ന് ഒരാളെ ഒഴിവാക്കേണ്ടി വരും.

കോലിയെ ടീമിൽ വേണമെന്ന് രോഹിത് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരു ബാറ്റിങ് തകർച്ചയുണ്ടായാലും ഒരുവശത്ത് നങ്കൂരമിടാൻ സാധിക്കുന്ന പ്ലെയർ എന്ന നിലയിലാണിത്. മൂന്നാം നമ്പറിലാവും കോലി കളിക്കുക.

അതുമാത്രമല്ല, രോഹിതിനെ ഉൾപ്പെടുത്തുകയും കോലിയെ ഒഴിവാക്കുകയും ചെയ്യുക എന്ന സാധ്യത ചിന്തിക്കാൻ പോലും സെലക്റ്റർമാർ ധൈര്യപ്പെടണമെന്നില്ല. അങ്ങനെയൊരു തെരഞ്ഞെടുപ്പ് വലിയ വിവാദങ്ങൾക്കു കാരണമാകും. കളിക്കുന്നെങ്കിൽ രണ്ടു പേരും ഒരുമിച്ച്, അല്ലെങ്കിൽ രണ്ടു പേരും വേണ്ട എന്നിങ്ങനെ രണ്ടു സാധ്യതകൾ മാത്രമാണുള്ളത്. ഇരുവരും മികച്ച ഫോമിൽ നിൽക്കുന്ന സാഹചര്യത്തിൽ ഒരുമിച്ച് ടീമിലെടുക്കുക തന്നെയാണ് എളുപ്പമുള്ള വഴി.

ഫിനിഷർ

ശിവം ദുബെ
ശിവം ദുബെ

ഹാർദിക് പാണ്ഡ്യ നിലവിൽ ഫോമിലല്ലെങ്കിലും, അന്താരാഷ്‌ട്ര നിലവാരമുള്ള മറ്റൊരു പേസ് ബൗളിങ് ഓൾറൗണ്ടർ ഇന്ത്യയിൽ ഇല്ല എന്നതാണ് വസ്തുത. ലോകകപ്പിന് ഇനിയും ഒരു മാസം കൂടി ശേഷിക്കെ ഹാർദിക്കിന് ബൗളിങ് ഫോം വീണ്ടെടുക്കാൻ സാധിക്കും എന്നു തന്നെ സെലക്റ്റർമാർ വിശ്വസിക്കുന്നു. ഫിനിഷിങ് റോളിലേക്കുള്ള മത്സരം ഹാർദികും റിങ്കു സിങ്ങും ശിവം ദുബെയും തമ്മിലാണ്. ബൗളിങ്ങിൽ നിന്നു വിട്ടുനിൽക്കുന്നതാണ് ദുബെയുടെ സാധ്യതയെ ബാധിക്കുന്നത്. ഇംപാക്റ്റ് പ്ലെയർ റൂൾ നിലവിലുള്ളതിനാൽ ദുബെയുടെ ബൗളിങ് സേവനം ചെന്നൈ സൂപ്പർ കിങ്സിന് ആവശ്യം വരുന്നില്ല. ഐപിഎല്ലിൽ അസാമാന്യ ഫോമിലൊന്നുമല്ലെങ്കിലും, അന്താരാഷ്‌ട്ര മത്സരങ്ങളിൽ കിട്ടിയ അവസരങ്ങൾ പരമാവധി മുതലാക്കിയ റിങ്കുവിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കുന്നതും ബുദ്ധിമുട്ടാണ്.

ഹാർദിക് - ദുബെ - റിങ്കു ത്രയത്തിൽ രണ്ടു പേർ പതിനഞ്ചംഗ ടീമിലെത്തും, അതിൽ ഒരാൾക്കു മാത്രമായിരിക്കും പ്ലെയിങ് ഇലവനിൽ ഇടം കിട്ടുക. മൂവരെയും ഒരുമിച്ച് പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്താൻ ഒരു ബാക്ക് അപ്പ് പ്ലെയറെ ഒഴിവാക്കേണ്ടി വരും- അതൊരു ഫാസ്റ്റ് ബൗളറാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ റിങ്കു സിങ്ങും ഒരു ഫാസ്റ്റ് ബൗളറും തമ്മിലായിരിക്കും ടീമിലെ പതിനഞ്ചാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം.

ഓൾറൗണ്ടർ

Hardik Pandya
Hardik Pandya

ടീമിൽ മൂന്നു സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാർ മാത്രമാണെങ്കിൽ ഹാർദിക് പാണ്ഡ്യ ഉറപ്പായും ടീമിലുണ്ടാവും. പ്ലെയിങ് ഇലവൻ സന്തുലിതമാക്കാൻ ഹാർദിക്കിനെപ്പോലൊരു ബഹുമുഖ പ്രതിഭയുടെ സാന്നിധ്യം അനിവാര്യമാണ്, പ്രത്യേകിച്ച് ടീമിലെ ബാറ്റർമാരെ ആരെയും ചേഞ്ച് ബൗളറായി പോലും ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ. റിയാൻ പരാഗിനെയോ തിലക് വർമയെയോ ടീമിൽ ഉൾപ്പെടുത്തിയാൽ മാത്രമായിരിക്കും അത്തരത്തിൽ ഒരു സന്തുലനം സാധ്യമാകുക. എന്നാൽ, ഇരുവരുടെയും ബൗളിങ് മികവ് അന്താരാഷ്‌ട്ര ക്രിക്കറ്റിലോ ഐപിഎല്ലിലോ തെളിയിക്കാൻ അവസരം കിട്ടിയിട്ടില്ല.

സ്പിൻ ബൗളിങ് ഓൾറൗണ്ടർക്കായുള്ള മത്സരം രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും തമ്മിലാണ്. ഇവർ ഇരുവരും പതിനഞ്ചംഗ ടീമിലെത്താനാണ് സാധ്യത, ജഡേജ പ്ലെയിങ് ഇലവനിലും ഉറപ്പാണ്. അങ്ങനെയെങ്കിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് മാത്രമാവും ഉണ്ടാവുക.

ഫാസ്റ്റ് ബൗളിങ്

Avesh Khan
Avesh Khan

ഫാസ്റ്റ് ബൗളർമാരുടെ കാര്യത്തിൽ ഐപിഎൽ വലിയ പ്രതീക്ഷകൾ നൽകുന്നില്ല. ജസ്പ്രീത് ബുംറ മാത്രമാണ് മികച്ച പ്രകടനം തുടർച്ചയായി നടത്തുന്നത്. ആർസിബിക്കു വേണ്ടി കളിക്കുന്ന മുഹമ്മദ് സിറാജ് അടി വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും സമീപകാലത്തെ അന്താരാഷ്‌ട്ര പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. ഇടങ്കയ്യൻ പേസർ എന്ന നിലയിൽ അർഷ്‌ദീപ് സിങ് മത്സരം നേരിടുന്നത് ടി. നടരാജനിൽനിന്നാണ്. ന്യൂബോളിൽ അർഷ്‌ദീപിനാണ് മികവെങ്കിൽ, ഡെത്ത് ഓവറുകളിലെ നടരാജനാണ് കൂടുതൽ മികച്ചത്. രാജസ്ഥാനു വേണ്ടി കൃത്യത പുലർത്തുകയും ഫീൽഡിനൊത്ത് പന്തെറിയുകയും ചെയ്യുന്ന ആവേശ് ഖാൻ ലോകകപ്പ് ടീമിലെത്താൻ സാധ്യത ഏറെയാണ്.

യുവതാരങ്ങളിൽ മൊഹ്സിൻ ഖാൻ, ഹർഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് സെലക്റ്റർമാരുടെ ശ്രദ്ധയാകർഷിച്ചത്. എന്നാൽ, അന്താരാഷ്‌ട്ര പരിചയമില്ലാത്തത് ഇവരുടെയും സാധ്യത അടയ്ക്കുന്നു. ഹാർദിക് ടീമിലുണ്ടെങ്കിൽ പ്ലെയിങ് ഇലവനിൽ പരമാവധി മറ്റു രണ്ടു പേസ് ബൗളർമാർ മാത്രം മതിയാകും എന്നതും വസ്തുതയാണ്.

Trending

No stories found.

Latest News

No stories found.