സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്
മുംബൈ: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലെത്തിയേക്കും. ലോകകപ്പ് ടൂര്‍ണമെന്റിനു പിന്നാലെ നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലാണ് സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യത. നിലവില്‍ ലോകകപ്പ് ക്യാംപിലുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതോടെയാണ് സഞ്ജുവിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത തെളിയുന്നത്. ലോകകപ്പ് സെമി മത്സരങ്ങള്‍ക്കു ശേഷം ടീമിനെ പ്രഖ്യാപിച്ചേക്കും.
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിന്റെ നായകനാകേണ്ടിയിരുന്നത്. എന്നാല്‍, ലോകകപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക്കിന് പരുക്ക് ഭേദമാകണമെങ്കില്‍ ഇനിയും ആഴ്ചകളെടുക്കുമെന്നതിനാല്‍ ഹാര്‍ദിക്കിനു പകരക്കാരനെ കണ്ടെത്തും. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവോ ഋതുരാജ് ഗെയ്ക്വാദോ ആയിരിക്കും ടീമിനെ നയിക്കുകയെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ സൂര്യക്കാണ് സാധ്യത കൂടുതല്‍.
അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 23നാണ് ആരംഭിക്കുന്നത്. 26നു നടക്കുന്ന രണ്ടാം മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. നേരത്തെ ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളില്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു തിലക് വര്‍മ, റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയി, യശസ്വി ജയ്സ്വാള്‍ തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടാനുള്ള കാത്തിരിപ്പിലാണ്.