സഞ്ജു അടക്കം മൂന്ന് പ്രമുഖർ കേരള ടീമിൽ നിന്ന് പുറത്തായതെങ്ങനെ

ഇന്ത്യയിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിക്കു വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ടീമിലെ ഏറ്റവും കരുത്തരായ മൂന്നു ബാറ്റർമാർക്ക് ഇടമില്ല
Vishnu Vinod, Sanju Samson, Sachin Baby
വിഷ്ണു വിനോദ്, സഞ്ജു സാംസൺ, സച്ചിൻ ബേബി
Updated on

സ്പോർട്സ് ലേഖകൻ

കൊച്ചി: ഇന്ത്യയിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിക്കു വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ടീമിലെ ഏറ്റവും കരുത്തരായ മൂന്നു ബാറ്റർമാർക്ക് ഇടമില്ല- സഞ്ജു സാംസൺ, സച്ചിൻ ബേബി, വിഷ്ണു വിനോദ്. ഇവരുടെ അഭാവത്തിൽ സൽമാൻ നിസാറാണ് ടീമിനെ നയിക്കുന്നത്. സൽമാനെ കൂടാതെ ബാറ്റിങ് നിരയിൽ പരിചയസമ്പത്തുള്ളത് ഓപ്പണർ രോഹൻ കുന്നുമ്മലിനും വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനും മാത്രം. തമിഴ്നാട്ടിൽനിന്നെത്തിച്ച അതിഥി താരം ബാബാ അപരാജിതും ടീമിലില്ല.

ഇക്കൂട്ടത്തിൽ, സച്ചിൻ ബേബി പുറത്താകാൻ കാരണം സയീദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റിനിടെ ഏറ്റ പരുക്ക് ഭേദമാകാത്തതാണെന്നാണ് വിവരം. വിഷ്ണു വിനോദിന്‍റെ കാര്യത്തിൽ വ്യക്തമായ സൂചനകളില്ല. ഓപ്പണിങ് മുതൽ ഫിനിഷിങ് വരെ ഏത് റോളും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബിഗ് ഹിറ്ററാണ് വിഷ്ണു. ഐപിഎൽ താരലേലത്തിൽ മൂന്നു ടീമുകൾ വിഷ്ണുവിനു വേണ്ടി മത്സരിച്ചപ്പോൾ, പഞ്ചാബ് കിങ്സാണ് ഈ വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ വാലറ്റത്ത് ബാറ്റ് ചെയ്യാൻ നിർബന്ധിതനായ വിഷ്ണുവിന് സ്ഥിരത പുലർത്താനായില്ല. മുഷ്താഖ് അലി ട്രോഫിയിൽ ഫോമിലെത്താനും സാധിച്ചില്ല. ഇതാവാം പുറത്താകലിനു കാരണമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, മുഷ്താഖ് അലി ട്രോഫിയിൽ കേരള ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണിന്‍റെ പുറത്താകലിനു കാരണങ്ങൾ വേറെയാണ്. വിജയ് ഹസാരെ ട്രോഫിക്കു വേണ്ടി ആദ്യം പ്രഖ്യാപിച്ച മുപ്പതംഗ സാധ്യതാ പട്ടികയിൽ സഞ്ജുവും ഉൾപ്പെട്ടിരുന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഇവർക്കായി ഒരു തീവ്ര പരിശീലന ക്യാംപ് സംഘടിപ്പിച്ചെങ്കിലും, സഞ്ജു അതിൽ പങ്കെടുത്തില്ല. അതാണ് ടീമിൽ ഉൾപ്പെടുത്താതിരിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

ക്യാംപിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുപ്പതംഗ ടീമിലെ 19 പേരെ മാത്രം ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാംപിൽ പങ്കെടുക്കുന്നതിലുള്ള അസൗകര്യം സഞ്ജു നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷനെ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ക്യാംപിൽ പങ്കെടുക്കാത്തവരെ ടീമിൽ എടുക്കേണ്ടെന്ന നിലപാടിലായിരുന്നു കെസിഎ എന്നാണ് വ്യക്തമാകുന്നത്.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീം ഇങ്ങനെ:

  1. സൽമാൻ നിസാർ (ക്യാപ്റ്റൻ)

  2. രോഹൻ കുന്നുമ്മൽ

  3. ഷോൺ റോജർ

  4. മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ)

  5. ആനന്ദ് കൃഷ്ണൻ

  6. കൃഷ്ണ പ്രസാദ്

  7. അഹമ്മദ് ഇമ്രാൻ

  8. ജലജ് സക്സേന

  9. ആദിത്യ സർവാതെ

  10. സിജോമോൻ ജോസഫ്

  11. ബേസിൽ തമ്പി

  12. എൻ.പി. ബേസിൽ

  13. എം.ഡി. നിധീഷ്

  14. ഏദൻ ആപ്പിൾ ടോം

  15. എൻ.എം. ഷറഫുദ്ദീൻ

  16. അഖിൽ സ്കറിയ

  17. വിശ്വേശ്വർ സുരേഷ്

  18. വൈശാഖ് ചന്ദ്രൻ

  19. എം. അജ്നാസ് (വിക്കറ്റ് കീപ്പർ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com