

ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ.
File photo
ബംഗളൂരു: പരുക്കിൽ നിന്ന് പൂർണമുക്തനായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിൽ തിരിച്ചെത്താൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശുഭ്മൻ ഗിൽ. റീഹാബിലിറ്റേഷനുവേണ്ടി ഗിൽ ബംഗളൂരുവിലെ സെന്‍റർ ഒഫ് എക്സലൻസിൽ എത്തിച്ചേർന്നു. ഡിസംബർ ഒമ്പതിനാണ് ട്വന്‍റി20 പരമ്പരയുടെ തുടക്കം.
ഗിൽ തിരിച്ചെത്തുന്നതോടെ ഓപ്പണിങ് റോളിൽ സഞ്ജു സാംസണ് വീണ്ടും അവസരം കിട്ടാനുള്ള സാധ്യതയാണ് അസ്തമിക്കുന്നത്. ഗിൽ ഇല്ലെങ്കിലും, അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളിയായി യശസ്വി ജയ്സ്വാളും സെലക്റ്റർമാരുടെ സജീവ പരിഗണനയിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായി ഓസ്ട്രേലിയയിലെ അവസാന രണ്ടു മത്സരങ്ങളിൽ കളിച്ച ജിതേഷ് ശർമ മോശമാക്കിയിരുന്നുമില്ല. ലോകകപ്പ് വരാനിരിക്കുന്നതു കണക്കിലെടുത്ത് ഋഷഭ് പന്തിനെയും പരീക്ഷിക്കാൻ സെലക്റ്റർമാർ തയാറായേക്കും.
ദക്ഷിണാഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്പിന്നർ സൈമൺ ഹാർമറെ സ്വീപ്പ് ചെയ്തു ബൗണ്ടറി കടത്തുന്നതിനിടെയാണു ഗില്ലിനു കഴുത്തിനു പരുക്കേറ്റത്. ആദ്യം ചെറിയ പരുക്കാണെന്നാണു കരുതപ്പെട്ടതെങ്കിലും അസ്വസ്ഥത തുടർന്നതോടെ ഗില്ലിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ടെസ്റ്റ്, ഏകദിന പരമ്പരകളിൽ നിന്ന് ഗിൽ ഒഴിവാക്കപ്പെട്ടു.
നിലവിൽ ഗിൽ പരുക്കിൽ നിന്ന് മുക്തനാകുന്നതായാണ് റിപ്പോർട്ട്. മുംബൈയിൽ ഫിസിയോതെറാപ്പി പൂർത്തിയാക്കിശേഷം ചണ്ഡീഗഡിൽ കുടുംബത്തിനൊപ്പം ഗിൽ സമയം ചെലവിട്ടിരുന്നു. അതിനുശേഷമാണു ബംഗളൂരുവിലെത്തിയത്. ബിസിസിഐ മെഡിക്കൽ ടീമിന്‍റെ മേൽനോട്ടത്തിൽ ഗിൽ ഈയാഴ്ച തന്നെ ബാറ്റിങ് പരിശീലനം പുനരാരംഭിക്കുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, ബാറ്റിങ് നിരയിലെ മറ്റൊരു സൂപ്പർ താരം ശ്രേയസ് അയ്യരുടെ കളത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് വ്യക്തതയില്ല. ശ്രേയസിന്‍റെ പരുക്ക് കൂടുതൽ സങ്കീർണമാണ്. ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ ക്യാച്ച് എടുത്തശേഷം നിലത്തുവീണു പ്ലീഹയ്ക്കു പരുക്കേറ്റ ശ്രേയസ് ഗുരുതരാവസ്ഥയിലായിരുന്നു.
പ്ലീഹയിലെ പരുക്കും ആന്തരിക രക്തസ്രാവവും ശ്രേയസിന്‍റെ ജീവൻ അപകടത്തിലാക്കുന്ന സ്ഥിതിവരെ സൃഷ്ടിച്ചിരുന്നു. അതിനാൽ ഗില്ലിനെ അപേക്ഷിച്ച് ശ്രേയസിന് കൂടുതൽ കാലം വിശ്രമം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.