
മുംബൈ: സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ഏഷ‍്യാ കപ്പ് ടൂർണമെന്‍റിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത‍്യൻ ടീമിന്‍റെ പ്രധാന വിക്കറ്റ് കീപ്പറായേക്കുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇതുവരെ റിപ്പോർട്ട് ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പരക്കിടെ ഋഷഭ് പന്തിന് പരുക്കേറ്റതിനാൽ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം.
അതേസമയം പരുക്കേറ്റതിനാൽ പന്തിന് ഏഷ‍്യാ കപ്പും വെസ്റ്റ് ഇൻഡീസ് പരമ്പരയും നഷ്ടമായേക്കും. ടി20 ലോകകപ്പിന് ശേഷം ഋഷഭ് പന്ത് ഇന്ത‍്യൻ ടീമിൽ സ്ഥിര സാന്നിധ‍്യമായിരുന്നില്ല. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ധ്രുവ് ജുറലിനെ പന്തിന്‍റെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് അവസാനത്തോടെ ഏഷ‍്യാ കപ്പിനുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചേക്കും. ആറു മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടായിരിക്കും സെലക്റ്റർമാർ ടീം പ്രഖ‍്യാപിക്കുക.