സഞ്ജു മൂന്നാം നമ്പറിലേക്ക്

സഞ്ജുവിന്‍റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ജയം മാത്രമല്ല ഇന്ത്യ നേടിയത് ഒരു പരമ്പര തന്നെയാണ്.
സഞ്ജു മൂന്നാം നമ്പറിലേക്ക്

സ്പോർട്സ് ലേഖകൻ

സഞ്ജുവിന്‍റെ ഈ ഇന്നിങ്സ് അദ്ദേഹത്തിന്‍റെ കരിയര്‍ തന്നെ മാറ്റിമറിച്ചേക്കാം- ഇത് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ സുനിൽ ഗാവസ്കറാണ്. സഞ്ജു സാംസണിന്‍റെ ഏകദിനത്തിലെ കന്നി സെഞ്ചുറി കണ്ട ശേഷമാണ് സുനില്‍ ഗാവസ്കര്‍ ഇങ്ങനെ പ്രതികരിച്ചത്. കൃത്യമായ അവസരങ്ങള്‍ നല്‍കാതെ പലപ്പോഴും 29കാരനായ സഞ്ജുവിനെ ഒഴിവാക്കുന്ന നടപടിയാണ് പലപ്പോഴും ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, അതിനൊക്കെയുള്ള മറുപടി ഒരൊറ്റ ഇന്നിങ്സുകൊണ്ട് നല്‍കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു. സഞ്ജുവിന്‍റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ജയം മാത്രമല്ല ഇന്ത്യ നേടിയത് ഒരു പരമ്പര തന്നെയാണ്. സാധാരണ സഞ്ജുവില്‍ കാണുന്ന ആക്രമണോത്സുകതയായിരുന്നില്ല ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കണ്ടത്. വളരെ സമചിത്തതയോടെയും ക്ഷമയോടെയുമാണ് സഞ്ജു തന്‍റെ ഇന്നിങ്സ് കെട്ടിപ്പടുത്തത്.

ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത പിച്ചില്‍നിന്നാണ് സഞ്ജു ഇത്ര മികച്ച ഇന്നിങ്സ് കാഴ്ചവച്ചത്. ഇത് തീര്‍ച്ചയായും സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കും. മൂന്നാം നമ്പറില്‍ വിരാട് കോലിയാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ഇനി ആ പൊസിഷനില്‍ സഞ്ജുവിനെ ഉപയോഗിക്കാമെന്ന ശക്തമായ നിര്‍ദേശമാണ് സഞ്ജുവിന്‍റെ ഇന്നിങ്സ് നല്‍കിയിരിക്കുന്നത്.

2021 ജൂലൈയിലായിരുന്നു സഞ്ജു ഏകദിനത്തില്‍ അരങ്ങേറിയത്, അതും ശ്രീലങ്കയ്ക്കെതിരെ. എന്നാല്‍ തുടക്കം അത്ര മികച്ചതായിരുന്നില്ല. അന്ന് ആ പരമ്പര നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സഞ്ജു ഒഴിവാക്കപ്പെട്ടു. പിന്നെ ഒരു ഏകദിനം കളിക്കാന്‍ സഞ്ജു കാത്തിരുന്നത് ഒരു വര്‍ഷമാണ്. 2022 ജൂലൈയില്‍ വിന്‍ഡീസിനെതിരേയായിരുന്നു അത്. മികച്ച പ്രകടനത്തിലൂടെ അര്‍ധസെഞ്ചുറി കണ്ടെത്തചിയ സഞ്ജു ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് 99 റണ്‍സിന്‍റെ കൂട്ടുകെട്ടുമുണ്ടാക്കി. പിന്നീട് ടി-20യിലും സഞ്ജു അരങ്ങേറി.

പിന്നീട് സിംബാബ്വെയ്ക്കെതിരെയുള്ള ഏകദിന പരമ്പര ടീമിലും ഉള്‍പ്പെട്ടു. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും ഈ പരമ്പരയില്‍ സഞ്ജുവിനെ തേടിയെത്തി.

അതേ വര്‍ഷം ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ടീമിലും സഞ്ജു ഉള്‍പ്പെട്ടു. 63 പന്തില്‍നിന്ന് 86 എന്ന വെടിക്കെട്ട് ഇന്നിങ്സ് അത്യന്തം ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍, പിന്നീട് ഒരിക്കലും ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു തെരഞ്ഞെടുക്ക്പ്പെട്ടില്ല. പിന്നീട് ഇപ്പോഴാണ് സഞ്ജു ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്.സഞ്ജു തന്‍റെ കരിയറിൽ ഇതുവരെ കളിച്ചത് 14 ഏകദിനങ്ങളാണ് 56.67 ശരാശരിയിൽ 510 റൺസാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. ഇതിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമുണ്ട്.

വിജയം 78 റണ്‍സിന്

സഞ്ജു സാംസന്‍റെ ഉജ്വല ബാറ്റിങ് മികവില്‍ ഇന്ത്യക്ക് പരമ്പര വിജയം. അവസാനത്തെ മത്സരത്തില്‍ 78 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 -ന് പുറത്ത്. മൂന്ന്മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ഇന്ത്യയ്ക്ക് സ്വന്തം. സഞ്ജുവാണ് കളിയിലെ താരം.

കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ടോണി ഡി സോര്‍സി തന്നെയാണ് ഇന്നും ആതിഥേയര്‍ക്കായി കാര്യമായി പണിയെടുത്തത്. 87 പന്തില്‍നിന്ന് 81 റണ്‍സെടുത്ത സോര്‍സിയെ അര്‍ഷ്ദീപ് സിങ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 36 റണ്‍സെടുത്ത് കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. ഹെന്‍റിക് ക്ലാസന്‍ 21, റീസ ഹെന്‍ഡ്രിക്സ് 19, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് 18, കേശവ് മഹാരാജ് 14, ഡേവിഡ് മില്ലര്‍ 10 എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നവര്‍.ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു. വാഷിങ്ടണ്‍ സുന്ദറും ആവേശ് ഖാനും രണ്ടും മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Trending

No stories found.

Latest News

No stories found.