
സഞ്ജു സാംസൺ, എംഎസ് ധോണി
അബുദാബി: ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ കഴിഞ്ഞ ദിവസം ഒമാനെതിരേ നടന്ന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെ അപൂർവ നേട്ടം കൈവരിച്ച് മലയാളി താരം സഞ്ജു സാംസൺ. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ അടിച്ച ഇന്ത‍്യൻ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം സഞ്ജു സ്വന്തമാക്കി.
ഇതോടെ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ എംഎസ് ധോണിയെ സഞ്ജു മറികടന്നു. 307 മത്സരങ്ങളിൽ നിന്നായി 353 സിക്സറുകളാണ് സഞ്ജു അടിച്ചു കൂട്ടിയത്. 350 സികസ്റുകളാണ് ധോണി നേടിയിട്ടുള്ളത്. 463 മത്സരങ്ങളിൽ നിന്നുമായി 547 സിക്സർ നേടിയ രോഹിത് ശർമയാണ് ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത‍്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
435 സിക്സർ നേടിയ വിരാട് കോലി രണ്ടാമതും 382 സിക്സറുകളുമായി സൂര‍്യകുമാർ യാദവ് മൂന്നാമതും ഉൾപ്പെടുന്നു. ഒമാനെതിരേ തകർപ്പൻ പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. 45 പന്തിൽ നിന്നും മൂന്നു സിക്സും മൂന്നു ബൗണ്ടറിയും ഉൾപ്പെടെ 56 റൺസായിരുന്നു താരം നേടിയത്.