സീറോ ടു ഹീറോ: സഞ്ജു ടൂർണമെന്‍റിന്‍റെ താരം
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സമ്പൂർണ പരാജയം. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ കീപ്പിങ് ഗ്ലൗസ് വരെ നഷ്ടപ്പെട്ട് തല താഴ്ത്തി മടങ്ങിയ ദിവസം സഞ്ജു സാംസൺ ഉറപ്പിച്ചിരുന്നു- ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. പക്ഷേ, കഥ അവിടെ അവസാനിച്ചിരുന്നില്ല. അഭിഷേക് ശർമയുടെ അസുഖം കാരണം ലോകകപ്പിൽ ഒരവസരം വീണു കിട്ടുന്നു. കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നിട്ടും ഒരു മത്സരത്തിൽ പോലും അവസരം കിട്ടാത്ത താരത്തിന്‍റെ ലോകകപ്പ് അരങ്ങേറ്റമായിരുന്നു അത്.
എന്നാൽ, നമീബിയക്കെതിരേയും പിന്നീട് സിംബാബ്വെക്കെതിരേയും കിട്ടിയ അവസരങ്ങളിൽ മികച്ച തുടക്കങ്ങൾ മുപ്പതു കടത്താൻ സാധിക്കാതെ സഞ്ജു പിന്നെയും ആരാധകരെ നിരാശപ്പെടുത്തി. പക്ഷേ, കഥ അവിടെയും കഴിഞ്ഞിരുന്നില്ല. അഭിഷേക് ശർമയും ഇഷാൻ കിഷനും പ്രതീക്ഷ കാക്കാതിരുന്നപ്പോൾ സഞ്ജുവിനെ ഓപ്പണിങ് റോളിലേക്ക് തിരികെ വിളിക്കാൻ ടീം മാനെജ്മെന്‍റ് നിർബന്ധിതമായി.
അവിടെയായിരുന്ന യഥാർഥ കഥയുടെ തുടക്കം. വെസ്റ്റിൻഡീസിനെതിരേ 97 റൺസിന്‍റെ വൺമാൻ ഷോയുമായി ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റിയ പ്രകടനം. തോറ്റാൽ ഇന്ത്യ ടൂർണമെന്‍റിൽ നിന്നു പുറത്താകുമായിരുന്നു. ഇന്ത്യയെ ജയിപ്പിച്ച് സെമി ഫൈനലിലെത്തിച്ച സഞ്ജു അടുത്ത മത്സരത്തിലേക്ക് തന്‍റെ സ്ഥാനവും ഉറപ്പിച്ചു.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ മറ്റൊരു പക്വതയുള്ള പ്രകടനം. 89 റൺസുമായി തുടരെ രണ്ടാം മത്സരത്തിലും പ്ലെയർ ഓഫ് ദ മാച്ച്. പക്ഷേ, യഥാർഥ ഹീറോയിസും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഫോമിൽ അല്ലാത്ത ഓപ്പണിങ് പങ്കാളി അഭിഷേക് ശർമയ്ക്കുള്ള കരുതലോടെ തുടങ്ങിയ ഫൈനൽ ഇന്നിങ്സ്. അഭിഷേകും പിന്നെ ഇഷാൻ കിഷനും കത്തിക്കയറിയതോടെ ഭദ്രമാക്കിയ ആങ്കർ റോൾ. അവിടെയും 89 റൺസുമായി ടോപ് സ്കോറർ.
നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറ ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയെങ്കിലും, ആകെ 321 റൺസുമായി ടൂർണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. ടൂർണമെന്‍റിലെ ടോപ് സ്കോറർമാരിൽ സാഹിബ്സാദാ ഫർഹാനും (383) ടിം സീഫർട്ടിനും (326) പിന്നിൽ മൂന്നാമത്. കളിച്ചത് ആകെ അഞ്ച് മത്സരം മാത്രം! ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയതും സഞ്ജു തന്നെ.
