തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയ്ക്ക് പിന്നാലെ ടീമിന്‍റെ അമിത ജോലിഭാരത്തെക്കുറിച്ചും വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി താരം
Sanju Samson revelation can irk BCCI
സഞ്ജു സാംസൺ
Updated on: 

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരം സഞ്ജു സാംസണിന്‍റെ വാചകങ്ങൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയ്ക്ക് പിന്നാലെ ടീമിന്‍റെ അമിത ജോലിഭാരത്തെക്കുറിച്ചും വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനെക്കുറിച്ചും തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് (BCCI) ശക്തമായ സന്ദേശം നൽകിയിരിക്കുകയാണ് മലയാളി താരം.

വിൻഡീസിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരം ബെംഗളൂരുവിൽ മഴമൂലം ഉപേക്ഷിച്ചതിന് ശേഷം ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കവെയാണ് സഞ്ജു മനസ് തുറന്നത്. "സത്യസന്ധമായി പറഞ്ഞാൽ, ഇപ്പോഴത്തെ മത്സരക്രമം നോക്കിയാൽ പരിശീലിക്കാനോ തയാറെടുപ്പുകൾ നടത്താനോ കളിക്കാർക്ക് ഒട്ടും സമയം ലഭിക്കുന്നില്ല. അത്തരം ഘട്ടങ്ങളിലാണ് നമ്മുടെ മുൻകാല അനുഭവ സമ്പത്ത് തുണയാകുന്നത്. നല്ലൊരു മാനസികാവസ്ഥ നിലനിർത്താനും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ പരിശീലനത്തിനായി ഞങ്ങൾക്ക് ഒരൊറ്റ ദിവസം മാത്രമാണ് കിട്ടിയത്," സഞ്ജു സാംസൺ വ്യക്തമാക്കി.

വിൻഡീസ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ന്യൂസിലൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം പുറപ്പെടാനിരിക്കെയാണ് താരത്തിന്‍റെ പ്രതികരണം. വെസ്റ്റിൻഡീസിനെതിരേ ഓരോ ദിവസത്തെ ഇടവേളയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ച് വ്യത്യസ്ത നഗരങ്ങളിലാണ് ഇന്ത്യ ടി20 പരമ്പര കളിച്ചത്. പരമ്പരയിൽ രണ്ട് അർധസെഞ്ചുറികളടക്കം (82, 56) മോശമല്ലാത്ത പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. അമിത മത്സരഭാരവും തുടർച്ചയായ യാത്രകളും കളിക്കാരുടെ പ്രകടനത്തെയും ഫിറ്റ്നസിനെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത്തരം വെല്ലുവിളികൾക്കിടയിലും പക്വതയാർന്ന സമീപനത്തിലൂടെ സഞ്ജു നടത്തിയ ഈ തുറന്നുപറച്ചിലിന് ആരാധകരിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com