ഉറപ്പിക്കാം, സഞ്ജു ചെന്നൈക്കു തന്നെ; പകരം രാജസ്ഥാനു കൊടുക്കുന്നത് 2 ഓൾറൗണ്ടർമാരെ

ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്ലെയർ ട്രേഡുകളിലൊന്നിൽ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനു സ്വന്തമാകുന്നു
സഞ്ജു ചെന്നൈക്ക്, പകരം രണ്ടു താരങ്ങളെ രാജസ്ഥാനു നൽകും | Sanju Samson to CSK

എം.എസ്. ധോണി, സഞ്ജു സാംസൺ.

File photo

Updated on

ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്ലെയർ ട്രേഡുകളിലൊന്നിൽ മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനു സ്വന്തമാകുന്നു. രാജസ്ഥാൻ റോയൽസിൽനിന്നു സഞ്ജുവിനെ വാങ്ങുമ്പോൾ ചെന്നൈ അവരുടെ ഏറ്റവും മികച്ച രണ്ട് ഓൾറൗണ്ടർമാരെയാണ് പകരം കൊടുക്കുന്നത് - രവീന്ദ്ര ജഡേജ, സാം കറൻ!

രണ്ടു ഫ്രാഞ്ചൈസികളും ഈ മൂന്നു കളിക്കാരുമായും സംസാരിച്ച് ധാരണയിലെത്തിക്കഴിഞ്ഞെന്നാണ് സൂചന. ഇരു ഫ്രാഞ്ചൈസികളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഈ മൂന്നു കളിക്കാരെയും ട്രേഡ് ചെയ്യുന്നതിനുള്ള താത്പര്യപത്രം ഐപിഎൽ ഗവേണിങ് കൗൺസിലിനു നൽകിയിട്ടുണ്ട്. കളിക്കാർ രേഖാമൂലം സമ്മതം നൽകിയ ശേഷമായിരിക്കും ‌ട്രേഡിങ്ങിന്‍റെ മറ്റ് വിശദാംശങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ഇതിനു ഗവേണിങ് കൗൺസിലിന്‍റെ അംഗീകാരവും ആവശ്യമാണ്.

11 സീസണുകളായി രാജസ്ഥാൻ റോയൽസിലാണ് സഞ്ജു കളിക്കുന്നത്. ജഡേജയാകട്ടെ, 2012 മുതലിങ്ങോട്ട്, ചെന്നൈ സസ്പെൻഷനിലായിരുന്ന രണ്ടു സീസൺ ഒഴികെ എല്ലാ വർഷവും അവിടെ തന്നെ കളിച്ചു. 2025 സീസൺ കഴിഞ്ഞപ്പോൾ തന്നെ ടീം വിടാൻ സഞ്ജു താത്പര്യം അറിയിച്ചിരുന്നു. എന്നാൽ, ജഡേജയെ കഴിഞ്ഞ സീസണിൽ ചെന്നൈ 18 കോടി രൂപയ്ക്ക് നിലനിർത്തിയതാണ്. ചെന്നൈയുടെ അഞ്ച് കിരീട നേട്ടങ്ങളുടെ ഭാഗമായിരുന്നു ജഡേജ.

അതേസമയം, ഐപിഎല്ലിന്‍റെ ആദ്യ സീസണായ 2008ൽ രാജസ്ഥാൻ റോയൽസിന്‍റെ ഭാഗമായിരുന്നു ജഡേജ. ഷെയ്ൻ വോണിന്‍റെ പ്രശംസ പിടിച്ചുപറ്റിയ അന്നത്തെ പത്തൊമ്പതുകാരൻ രാജസ്ഥാന്‍റെ ഏക കിരീട നേട്ടത്തിലും അന്നു പങ്കാളിയായി. രണ്ടു സീസണു ശേഷം മുംബൈ ഇന്ത്യൻസിലേക്കു മാറാൻ നേരിട്ടു ചർച്ച നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ജഡേജ, 2011ൽ കൊച്ചി ടസ്കേഴ്സ് കേരളയിലും കളിച്ചിട്ടുണ്ട്.

അതേസമയം, 2013ലെ മികവുറ്റ പ്രകടനത്തിനു ശേഷം, സഞ്ജുവിനെ നിലനിർത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. ആ സീസണിൽ റെറ്റെയിൻ ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അന്നു 19 വയസായിരുന്ന സഞ്ജു.

രാജസ്ഥാൻ റോയൽസ് ടീം സസ്പെൻഷനിലായിരുന്ന 2016-17 സീസണിനു ശേഷം അവിടെ തന്നെ തിരിച്ചെത്തി. 2021ൽ ക്യാപ്റ്റനായി. 2022ൽ സഞ്ജുവിന്‍റെ നേതൃത്വത്തിൽ രാജസ്ഥാൻ 2008നു ശേഷം ആദ്യത്തെ ഫൈനൽ കളിച്ചു.

67 മത്സരങ്ങളിൽ ടീമിനെ നയിച്ച സഞ്ജുവിന്‍റെ വിൻ - ലോസ് റെക്കോഡ് 33-33 ആണ്. 2022ൽ രാജസ്ഥാൻ വീണ്ടും പ്ലേഓഫിലെത്തിയപ്പോഴാണ് സഞ്ജു ആദ്യമായി ഒരു സീസണിൽ 500 റൺസിലധികം നേടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com