രാഹുലിനെയും ലഖ്നൗവിനെയും നിഷ്പ്രഭരാക്കി സഞ്ജുവും രാജസ്ഥാനും

രാജസ്ഥാൻ റോയൽസിന് ഒമ്പത് മത്സരങ്ങളിൽ എട്ടാം വിജയം. ഐപിഎൽ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ സഞ്ജു സാംസണു മുന്നിൽ വിരാട് കോലി മാത്രം.
ക്രുനാൽ പാണ്ഡ്യക്കെതിരേ റിവേഴ്സ് ഹിറ്റിലൂടെ ബൗണ്ടറി നേടുന്ന സഞ്ജു സാംസൺ.
ക്രുനാൽ പാണ്ഡ്യക്കെതിരേ റിവേഴ്സ് ഹിറ്റിലൂടെ ബൗണ്ടറി നേടുന്ന സഞ്ജു സാംസൺ.

ലഖ്നൗ: 200 റൺസിനു മേലുള്ള വിജയലക്ഷ്യങ്ങൾ മറികടക്കുന്നത് അസാധാരണമല്ല ഇത്തവണത്തെ ഐപിഎല്ലിൽ. പക്ഷേ, ലഖ്നൗ സൂപ്പർ ജയന്‍റ്സ് മുന്നോട്ടു വച്ച 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് 78 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട സ്ഥാനത്തു നിന്ന് ആ ലക്ഷ്യം അനായാസം എത്തിപ്പിടിച്ചു. ഒമ്പതു മത്സരങ്ങളിൽ എട്ടാം വിജയവുമായി പോയിന്‍റ് ടേബിളിലെ ലീഡ് ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെക്കാൾ ആറു പോയിന്‍റ് കൂടുതലുണ്ടിപ്പോൾ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്.

ഏഴു വിക്കറ്റും ഒരോവറും ബാക്കി നിൽക്കെ സന്ദർശകർ വിജയം നേടുമ്പോൾ ക്യാപ്റ്റൻ സഞ്ജു 33 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നു. ടി20 ലോകകപ്പ് ടീമിലേക്കുള്ള അവകാശവാദം ഒന്നുകൂടി ഉച്ചത്തിൽ ഉന്നയിക്കുന്ന പ്രകടനം. ഫോമിലല്ലാതിരുന്ന യുവതാരം ധ്രുവ് ജുറലിനെ അഞ്ചാം നമ്പറിൽ കളിപ്പിക്കാൻ കാണിച്ച വിശ്വാസവും ഫലം ചെയ്തു. ടി20 കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടിയ ജുറൽ 34 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 121 റൺസാണു പിറന്നത്. ഇതിൽ 116 റൺസും അവസാന പത്തോവറിൽ നേടിയതാണ്.

അമിതാവേശവും കാണിക്കാതെ ബാറ്റ് ചെയ്ത സഞ്ജു, വലിയ വിജയലക്ഷ്യത്തിനു മുന്നിൽ പതറിയതുമില്ല. തുടക്കത്തിൽ കരുതലോടെ കളിച്ച് നിലയുറപ്പിച്ച ശേഷം ഇന്നിങ്സിന്‍റെ അവസാന ഘട്ടത്തിൽ ആഞ്ഞടിക്കുകയായിരുന്നു കേരള താരം. തുടക്കത്തിൽ കത്തിക്കയറിയ ജുറൽ, നഷ്ടപ്പെട്ട തന്‍റെ രണ്ടു ക്യാച്ചുകൾ പരമാവധി മുതലാക്കുകയും ചെയ്തു

നേരത്തെ, ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെയും (48 പന്തിൽ 76) ദീപക് ഹൂഡയുടെയും (31 പന്തിൽ 50) സെഞ്ചുറി കൂട്ടുകെട്ടാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർ ക്വിന്‍റൺ ഡികോക്കിനെയും (8) കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസിനെയും (0) തുടക്കത്തിലേ നഷ്ടമായ ശേഷമായിരുന്നു ഈ തിരിച്ചുവരവ്.

രാജസ്ഥാനെ യശസ്വി ജയ്സ്വാളും (24) ജോസ് ബട്ലറും (34) ബട്ലറും ചേർന്ന് പവർപ്ലേയിൽ 60 റൺസിലെത്തിച്ചെങ്കിലും, ഇരുവരുടെയും വിക്കറ്റുകൾ പിന്നെ അധികസമയം ശേഷിച്ചില്ല. പിന്നാലെ റിയാൻ പരാഗിനെ (14) നഷ്ടമായ ശേഷമായിരുന്നു സഞ്ജുവിന്‍റെയും ജുറലിന്‍റെയും വീരോചിത പ്രകടനം.

ഇതോടെ ടൂർണമെന്‍റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ സഞ്ജു രണ്ടാം സ്ഥാനത്തേക്കുയർന്നു. 9 മത്സരങ്ങളിൽ 77 റൺസ് ശരാശരിയിൽ 385 റൺസാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. 430 റൺസുമായി വിരാട് കോലിയാണ് മുന്നിൽ. കെ.എൽ. രാഹുൽ (378) മൂന്നാം സ്ഥാനത്തും ഋഷഭ് പന്ത് (371) നാലാം സ്ഥാനത്തുമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com