സന്തോഷ് ട്രോഫി; അരുണാചലിനെ കേരളം 2-0ന് തോൽപ്പിച്ചു, കേരളത്തിന് ക്വാർട്ടർ പ്രതീക്ഷ

കേരളത്തിനായി 35-ാം മിനിറ്റില്‍ ആഷിഖ് മുഹമ്മദും 52-ാം മിനിറ്റില്‍ വി.അര്‍ജുനുമാണ് സ്‌കോര്‍ ചെയ്തത്
സന്തോഷ് ട്രോഫി; അരുണാചലിനെ കേരളം 2-0ന് തോൽപ്പിച്ചു, കേരളത്തിന് ക്വാർട്ടർ പ്രതീക്ഷ
Updated on

ഇറ്റാനഗര്‍: സന്തോഷ് ട്രോഫിയില്‍ കേരളം വിജയവഴിയില്‍. ഗോവയ്‌ക്കെതിരായ തോല്‍വിക്കും മേഘാലയ്‌ക്കെതിരായ സമനിലയ്ക്കും ശേഷം ക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റ പശ്ചാത്തലത്തില്‍ മികച്ച വിജയവുമായി കേരളം. ആതിഥേയരായ അരുണാചല്‍ പ്രദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പ് എയില്‍ നാല് കളികളില്‍ നിന്ന് ഏഴ് പോയന്‍റോടെ കേരളം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇതോടെ കേരളം ക്വാര്‍ട്ടര്‍ ബര്‍ത്തിന് അടുത്തെത്തി. ആസാം നാലാം സ്ഥാനത്തേക്കിറങ്ങി. തോല്‍വിയോടെ അരുണാചല്‍ പുറത്തായി.

കേരളത്തിനായി 35-ാം മിനിറ്റില്‍ ആഷിഖ് മുഹമ്മദും 52-ാം മിനിറ്റില്‍ വി.അര്‍ജുനുമാണ് സ്‌കോര്‍ ചെയ്തത്. മത്സരത്തിന്‍റെ തുടക്കം തന്നെ കേരളം ലക്ഷ്യം വ്യക്തമാക്കിയിരുന്നു. എങ്ങനെയും ഗോളടിക്കുക തന്നെയായിരുന്നു ലക്ഷ്യം. നിരന്തര ആക്രമണങ്ങളിലൂടെ കേരളം കളം നിറഞ്ഞു. കളിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ അരുണാചല്‍ ബോക്‌സില്‍ കേരളത്തിന്‍റെ ആക്രമണം. എന്നാല്‍, അരുണാചല്‍ പ്രതിരോധെ രക്ഷയ്‌ക്കെത്തി. തൊട്ടുപിന്നാലെയെത്തിയ അരുണാചലിന്‍റെ പ്രത്യാക്രമണത്തില്‍ വിവേക് ഗുരുങ്ങിന്‍റെ ഷോട്ട് തടഞ്ഞ് ഷിനു അപകടമൊഴിവാക്കി. മധ്യനിര പരാജയപ്പെടുന്ന കാഴ്ച വീണ്ടും കണ്ടു. 35-ാം മിനിറ്റില്‍ കേരളം ലീഡെടുത്തു.മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയുള്ള സഫ്‌നീദിന്‍റെ മുന്നേറ്റം.

പോസ്റ്റിനു പുറത്ത്‌നിന്ന് സഫ്‌നീദ് നല്‍കിയ ക്രോസ് മുഹമ്മദ് ആഷിഖ് ഹെഡറിലൂടെ വലയിലെത്തിച്ചു.അരുണാചലിന്‍റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ആഷിഖിന്‍റെ ഉജ്വല ഹെഡര്‍, പന്ത് വലയില്‍. കേരളത്തിന്‍റെ ഒരുഗോള്‍ ലീഡില്‍ ആദ്യപാതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കേരളം ലീഡ് വര്‍ധിപ്പിച്ചു. വി.അര്‍ജുനായിരുന്നു സ്‌കോറര്‍. മേഘാലയക്കെതിരേ സമനിലയില്‍ കലാശിച്ച കഴിഞ്ഞ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളുമായാണ് കേരളം അരുണാചലിനെതിരെ ഇറങ്ങിയത്.പ്രതിരോധത്തില്‍ പരിക്കിന്‍റെ പിടിയിലുള്ള ബെല്‍ജിന് പകരം ആര്‍. ഷിനുവും മധ്യനിരയില്‍ വി. അര്‍ജുന് പകരം ഗിഫ്റ്റി ഗ്രേഷ്യസും റിസ്വാനലിക്ക് പകരം മുഹമ്മദ് സഫ്‌നീദും മുന്നേറ്റത്തില്‍ ഇ. സജീഷിന് പകരം മുഹമ്മദ് ആഷിഖും ആദ്യ ഇലവനിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം നാളെ സര്‍വീസസിനെ നേരിടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com