ഹാവൂ... രക്ഷപ്പെട്ടു ! സന്തോഷ് ട്രോഫിയിൽ കേരളം - സർവീസസ് പോരാട്ടം 1-1 സമനില

ഹാവൂ... രക്ഷപ്പെട്ടു ! സന്തോഷ് ട്രോഫിയിൽ കേരളം - സർവീസസ് പോരാട്ടം 1-1 സമനില

ക്വാര്‍ട്ടറിലെത്തിയതിനാല്‍ തന്നെ സമ്മര്‍ദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പോയിന്‍റ് നിലയില്‍ മുന്നിലുള്ള സര്‍വീസസിനെതിരേ കേരളം സമനിലയുമായി രക്ഷപ്പെട്ടു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. എന്നാല്‍, സര്‍വീസസിന്‍റെ മുന്നേറ്റനിരയ്‌ക്കെതിരേ പലപ്പോഴും ചൂളിപ്പോയ കേരള പ്രതിരോധത്തെയാണ് കാണാനായത്. അതുപോലെ ശരാശരി നിലവാരം മാത്രമായിരുന്നു രണ്ടാം പകുതിയില്‍ കേരളത്തിന്‍റെ പ്രകടനത്തിന്. കേരളത്താനായി 22-ാം മിനിറ്റില്‍ സജീഷും സര്‍വീസസിനായി ആദ്യ പകുതിയുടെ അധികസമയത്ത് സമിര്‍ മുര്‍മുവാണ് ഗോളുകള്‍ നേടിയത്.

ക്വാര്‍ട്ടറിലെത്തിയതിനാല്‍ തന്നെ സമ്മര്‍ദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്. മുന്‍ മത്സരങ്ങളില്‍ നിന്ന് വിപരീതമായി കേരള താരങ്ങള്‍ പന്ത് കൈവശംവച്ചു കളിക്കുന്നതു കാണാമായിരുന്നു. ആദ്യ മത്സരങ്ങളില്‍ തപ്പിക്കളിച്ച കേരളത്തിന്‍റെ മധ്യനിര ആത്മവിശ്വാസത്തോടെ ആദ്യപകുതിയില്‍ കളിച്ചു. അതിന്‍റെ പ്രതിഫലനമായിരുന്നു ഗോള്‍. വലതുവിങ്ങില്‍ സഫ്നീദിന്‍റെ നീക്കങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. വളരെ വേഗത്തിലുള്ള സഫ്‌നീദിന്‍റെ നീക്കങ്ങള്‍ പട്ടാളബോക്‌സില്‍ ഭീതിജനിപ്പിച്ചു. മധ്യനിരയിലെ പ്രധാന താരമായ ഗിഫ്റ്റിയുടെ പാസുകള്‍ അളന്നുമുറിച്ചവയായിരുന്നു. മുന്നേറ്റത്തില്‍ സജീഷിനും നരേഷിനും ഇടമൊരുക്കാനാകാത്തത് തിരിച്ചടിയായി. എന്നാല്‍, തുടര്‍ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 22-ാം മിനിറ്റില്‍ കേരളം മുന്നിലെത്തി. അക്ബര്‍ സിദ്ധിഖ് എടുത്ത ഒരു ഷോട്ട് കോര്‍ണറില്‍ നിന്ന് അര്‍ജുനിലേകക്ക്.

അര്‍ജുന്‍ അത് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കി. അവസരം കാത്തുനിന്ന സജീഷ് തന്‍റെ ബുള്ളറ്റ് ഹെഡറിലൂടെ പന്ത് വലയിലാക്കി. ഇതിനിടെ, ഇടതുവങ്ങിലെ കരുത്തനായ അക്ബറിന് പരുക്കേറ്റു. പകരമെത്തിയത് അബ്ദു റഹീം.

ഇതോടെ ഇടതുവിങ്ങിന് കരുത്തേറി. പക്ഷേ, ഒരു നിമിഷത്തെ അശ്രദ്ധ സര്‍വീസസിന്‍റെ ഗോളില്‍ കലാശിച്ചു. ഗോള്‍ വഴങ്ങിയതോടെ തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിയ സര്‍വീസസ് ആദ്യ പകുതിയില്‍ തന്നെ സമനില ഗോള്‍ കണ്ടെത്തി.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സര്‍വീസസ് ഒപ്പമെത്തി. ആദ്യപകുതിയ ഉടന്‍ അവസാനിക്കുമെന്ന രീതിയില്‍ മനസാന്നിധ്യം കൈവെടിഞ്ഞതാണ് കേരളത്തിനു വിനയായത്. . മലയാളി താരം മുഹമ്മദ് ഷഫീല്‍ എടുത്ത ത്രോ ഉഷം റോബിന്‍സണ്‍ സിങ് ബോക്സിലേക്ക് ക്രോസ് ചെയ്യുമ്പോള്‍ ബോക്സിലുണ്ടായിരുന്ന സമിര്‍ മുര്‍മുവിനെ തടയാന്‍ കേരളത്തിന്‍റെ രണ്ട് പ്രതിരോധ താരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും ഗോളി നിഷാദും തമ്മിലുള്ള ധാരണപ്പിശക് കേരളത്തിന് തിരിച്ചടിയായി. ഹെഡറിലൂടെ മുര്‍മു സര്‍വീസസിനെ ഒപ്പമെത്തിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ സര്‍വീസ് നിരന്തര ആക്രമണങ്ങളിലൂടെ കേരളത്തെ വെള്ളം കുടിപ്പിച്ചു.

പലപ്പോഴും ഭാഗ്യമില്ലായ്മയാണ് സര്‍വീസസിനു വിനയായത്. രണ്ടാം പകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ സര്‍വീസസിന് ലഭിച്ചെങ്കിലും ഗോളായില്ല. കേരള ഗോളിയുടെ മികവും അവര്‍ക്ക് തിരിച്ചടിയായി. അരുണാചല്‍ പ്രദേശിനെ നേരിട്ട ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് കേരളം സര്‍വീസസിനെതിരെ ഇറങ്ങിയത്. സമനിലയോടെ എ ഗ്രൂപ്പില്‍ കേരളത്തിന് എട്ട് പോയിന്‍റായി. മൂന്നാം സ്ഥാനത്തുള്ള കേരളം നേരത്തേ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എ ഗ്രൂപ്പില്‍ 10 പോയിന്‍റുമായി സര്‍വീസസാണ് ഒന്നാം സ്ഥാനത്തുള്ളത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com