
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. പി.കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍. 2018ല്‍ കേരളം ചാംപ്യന്മാരായപ്പോള് പരിശീലകന് സതീവന്‍ ബാലന് ആയിരുന്നു. ഈ മികവാണ് അദ്ദേഹത്തെ വീണ്ടും പരിശീലകനാക്കാന്‍ തീരുമാനിച്ചത്. പരിശീലക സ്ഥാനത്തേക്ക് അഞ്ചുപേരെയാണ് കേരള ഫുട്ബാള്‍ അസോസിയേഷന് പരിഗണിച്ചിരുന്നത്. സതീവനു പുറമേ, കേരളത്തിന്റെ മുന്‍ കോച്ച് ബിനോ ജോര്‍ജ്, കേരള ബ്ലാസ്റ്റേഴ്സ് അസി. കോച്ച് ടി.ജി പുരുഷോത്തമന്, മുന്‍ കര്‍ണാടക കോച്ച് ബിബി തോമസ്, ശ്രീനിധി ഡെക്കാന്‍ എഫ്.സി പരിശീലകന് ഷഫീഖ് ഹസ്സന് എന്നിവര്‍. സന്തോഷ് ട്രോഫി പ്രാഥമികറൗണ്ടില്‍ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം മത്സരിക്കുക.
ക്യൂബയില്‍നിന്നാണ് സതീവന്‍ കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ ആറ് വര്‍ഷത്തെ പഠനതത്തിനുശേഷം 1995ലാണ് അദ്ദേഹം ആദ്യമായി പരിശീലക കുപ്പായമണിയുന്നത്. കോല്‍ക്കത്തയിലെ സായ് കേന്ദ്രത്തില്‍ പരിശീലനം തുടങ്ങിയ സതീവന്‍ പിന്നീട് കേരളത്തിലെത്തുകയായിരുന്നു.
1999ല്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ കരാറടിസ്ഥാനത്തില്‍ ഫുട്ബാള്‍ പരിശീലകനായി. ഇത് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായി. മികവ് മനസിലാക്കിയ കൗണ്‍സില്‍ 2001ല്‍ അദ്ദേഹത്തിനു സ്ഥിരനിയമനം നല്കി. 2003ല്‍ മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനിന്റെ കൂടെ സഹപരിശീലകനായുണ്ടായിരുന്ന സതീവന്‍ കരിയറില്‍ അതു വലിയ നേട്ടമായി.
കോണ്‍സ്റ്റന്റയിന്റെ പ്രീതി പിടിച്ചുപറ്റാനും സതീവനായി. പിന്നീടുള്ള കാലങ്ങളില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ പരിശീലകന്, സെലക്ടര്‍, നിരീക്ഷകന് തുടങ്ങി വിവിധ തസ്തികകള്‍ അദ്ദേഹം മികവോടെ വഹിച്ചു.
സതീവന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം വെയില്‍സില്‍ നടന്ന ഇയാന്‍ കപ്പ് ചാംപ്യന്മാരായി. കാലിക്കറ്റ് സര്‍വകലാശാല ടീമിനെ മൂന്നുവട്ടം അന്തര്‍ സര്‍വകലാശാല ചാംപ്യന്മാരാക്കിയതും സതീവനാണ്. സതീവന്റെ മികവ് മനസിലാക്കി 2018ല്‍ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനായി നിയമിച്ചു.
രാഹുല്‍ വി. രാജിന്റെ നേതൃത്വത്തിലുള്ള കേരള ടീമിനെ 13 വര്‍ഷങ്ങള്‍ക്കു ശേഷം കിരീടനേട്ടത്തിലെത്തിക്കാനും സതീവനായി.
കുറച്ചുകാലം ഗോകുലം കേരളയുടെ സഹപരിശീലകനായും സതീവനുണ്ടായിരുന്നു.