

സർഫറാസ് ഖാൻ
ന‍്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് പരുക്കേറ്റ സായ് സുദർശനു പകരം സർഫറാസ് ഖാനെ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ ഉന്നത വൃത്തങ്ങൾ വാർത്താ ഏജൻസിയായ എൻഐയോട് പറഞ്ഞു. സർഫറാസിനു പുറമെ യുവതാരം ഷെയ്ഖ് റഷീദിനെയും ടീം മാനേജ്മെന്‍റ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്പെഷ‍്യലിസ്റ്റ് ബാറ്റർമാരില്ലാത്തതിൽ ടീം മാനേജ്മെന്‍റിന് ആശങ്കയുണ്ടെന്നും അതിനാലാണ് ഈ താരങ്ങളെ പരിഗണിക്കാനൊരുങ്ങുന്നതെന്നുമാണ് വിവരം. സ്പിന്നർമാരെ മികച്ച രീതിയിൽ കളിക്കുന്ന സർഫറാസിന്‍റെ സാന്നിധ‍്യം ടീമിന് കരുത്തേകും. 2024 നവംബറിൽ ന‍്യൂസിലൻഡിനെതിരായ പരമ്പരയിലാണ് താരം അവസാനമായി ഇന്ത‍്യയ്ക്ക് വേണ്ടി കളിച്ചത്.
ഷെയ്ഖ് റഷീദ്
ആ പരമ്പരയിൽ കന്നി സെഞ്ചുറിയുടെ ബലത്തിൽ 171 റൺസ് അടിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ടീമിലും ഇംഗ്ലണ്ട് എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ടീമിലും ഇടം ലഭിച്ചെങ്കിലും പ്ലെയിങ് ഇലവനിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
എന്നാൽ 21കാരനായ ഷെയ്ഖ് റഷീദിന് അവസരം നൽകിയാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ മാസം ശ്രീലങ്ക എ ടീമിനെതിരായ മത്സരത്തിൽ കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിൽ നിന്നും 128 റൺസാണ് താരം അടിച്ചെടുത്തത്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യാൻ താരത്തോട് ആവശ‍്യപ്പെട്ടതായും സൂചനയുണ്ട്.
ഓഗസ്റ്റ് 15ന് ഗലെയിലാണ് പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരം. നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ കഴിയുന്ന സായ് സുദർശൻ അതിനു മുൻപ് കായികക്ഷമത വീണ്ടെടുക്കാൻ സാധ‍്യതയില്ലെന്നാണ് റിപ്പോർട്ടുകൾ വ‍്യക്തമാക്കുന്നത്. ഇക്കാരണങ്ങളാൽ പര‍്യടനത്തിനു മുൻപ് ആരംഭിച്ച സന്നാഹ മത്സരം താരത്തിന് നഷ്ടമായിരുന്നു.
അതേസമയം, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ ഭാഗമായതിനാൽ ഇന്ത‍്യയ്ക്ക് വളരെയധികം നിർണായകമാണ്. വരാനിരിക്കുന്ന 9 മത്സരങ്ങളിൽ നിന്നും 6 മത്സരം വിജയിച്ചാൽ മാത്രമെ ഇന്ത‍്യയ്ക്ക് ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുകയുള്ളൂ.