
മുംബൈ: ആഗോള ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരങ്ങളെ ഒന്നടങ്കം തൂത്തുവാരൻ ശ്രമം തുടരുന്ന സൗദി അറേബ്യ, ഫ്രാഞ്ചൈസി ക്രിക്കറ്റിലും കണ്ണു വയ്ക്കുന്നു. കായികരംഗത്തിനു സുപ്രധാന സ്ഥാനം നൽകിക്കൊണ്ടുള്ള സൗദി സർക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി 2034ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവകാശവും ഉറപ്പിച്ച ശേഷമാണ് പുതിയ മേഖലയിൽ സൗദി അധികൃതർ താത്പര്യം വ്യക്തമാക്കിയിരിക്കുന്നത്.
സൗദിയിൽ പ്രായോഗികമായി അധികാരം കൈയാളുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ ഉപദേശകർ ഇന്ത്യൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത്, ഐപിഎല്ലിൽ 30 ബില്യൻ ഡോളർ (ഏകദേശം 25,000 കോടി രൂപ) നിക്ഷേപം നടത്താൻ തയാറാണെന്നാണ്. ഇതു വഴി ഇന്ത്യൻ പ്രീമിയർ ലീഗിനെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലെ ചാംപ്യൻമാർ മത്സരിക്കുന്ന യൂറോപ്യൻ ചാംപ്യൻസ് ലീഗിന്‍റെ മാതൃകയാണ് ഐപിഎല്ലിന്‍റെ ഭാവിയായി സൗദി അധികൃതർ മനസിൽ കാണുന്നത്.
ഇതിനു വേണ്ടി ഐപിഎല്ലിനെ ആദ്യമായി ഒരു ഹോൾഡിങ് കമ്പനിയാക്കി മാറ്റണമെന്നാണ് നിർദേശം വച്ചിരിക്കുന്നത്. അതിൽ 30 ബില്യൻ ഡോളറിനുള്ള ഓഹരി വാങ്ങാമെന്നാണ് സൗദിയുടെ വാഗ്ദാനം. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ച സൽമാൻ രാജകുമാരൻ ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി പ്രാഥമിക ചർച്ചകൾ നടത്തിയാണ് മടങ്ങിപ്പോയതെന്നും സൂചനയുണ്ട്. ആ സമയത്ത് അഞ്ച് ബില്യൻ ഡോളറായിരുന്നു വാഗ്ദാനം. വിലപേശലിന്‍റെ ഭാഗമായാണ് ഇത് 30 വരെയായി ഉയർത്തിയതെന്നും അനൗദ്യോഗിക വിവരം.
സൗദി സർക്കാർ നേരിട്ട് ഇന്ത്യൻ ഗവൺമെന്‍റുമായുള്ള ഡീലിനാണ് ശ്രമിക്കുന്നതെങ്കിലും, ഐപിഎൽ പൂർണമായി ബിസിസിഐയുടെ നിയന്ത്രണത്തിലാണ്. ഈ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായും! ഏതായാലും ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിനു ശേഷം മാത്രമായിരിക്കും ബിസിസിഐ ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാട് അറിയിക്കുക എന്നാണ് വിവരം.
2008ൽ ആരംഭിച്ച ഐപിഎൽ, അമേരിക്കൻ മോഡൽ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെയാണ് ലോകത്തെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ലീഗായി മാറിയത്. സൗദി അറേബ്യ ആസ്ഥാനമായ അരാംകോയും സൗദി അറേബ്യൻ ടൂറിസം അഥോറിറ്റി നേരിട്ടുമെല്ലാം ഇതിൽ സ്പോൺസർമാരുമാണ്. ഐപിഎല്ലിലെ ഒരോ മത്സരത്തിനും സംപ്രേഷണാവകാശം ഇനത്തിൽ ബിസിസിഐക്ക് 125 കോടി രൂപയാണ് ലഭിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേതിനെക്കാൾ കൂടുതലാണിത്. വിവിധ യൂറോപ്യൻ ലീഗുകളിലായി പല ടീമുകളെ സൗദി ആസ്ഥാനമായ കമ്പനികൾ വിലയ്ക്കു വാങ്ങിയിട്ടുമുണ്ട്.