നിലവിൽ ഒദ്യോഗികമായി ലോകകപ്പ് ക്രിക്കറ്റിന്‍റെ സെമി ഫൈനലിൽ കടന്ന ടീം ഇന്ത്യ മാത്രമാണ്. ദക്ഷിണാഫ്രിക്ക സാങ്കേതികമായി ഇനിയും സെമി ഉറപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ബാക്കി മൂന്നു സ്ഥാനങ്ങളിലേക്കുള്ള സാധ്യതകൾ ഇങ്ങനെ:
ശ്രീലങ്ക ഇന്ത്യയോടു തോറ്റതോടെ, മത്സരത്തിൽ ശേഷിക്കുന്ന മറ്റു ചില ടീമുകൾക്ക് 10 പോയിന്‍റുമായി സെമി സ്പോട്ട് മോഹിക്കാൻ അവസരമൊരുങ്ങി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരത്തെ തന്നെ അതു നേടി. ഇനി അഞ്ച് ടീമുകൾ വരെ ഒരുമിച്ച് 10 പോയിന്‍റിലെത്താം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിക്കുന്ന സാഹചര്യത്തിൽ ബാക്കി രണ്ടു സ്ഥാനങ്ങൾക്കായാണ് ഈ അഞ്ച് ടീമുകൾ മത്സരിക്കേണ്ടി വരുന്നത്. നെറ്റ് റൺ റേറ്റ് ഇക്കാര്യത്തിൽ നിർണായകമാകും.
പാക്കിസ്ഥാന് അവസാന രണ്ട് കളി ജയിച്ചാൽ 10 പോയിന്‍റാകും. പാക്കിസ്ഥാനോടു തോൽക്കുകയും ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ന്യൂസിലൻഡിനും 10 പോയിന്‍റാകും. ഓസ്ട്രേലിയ ശേഷിക്കുന്ന മൂന്നു കളിയിൽ ഒന്നു മാത്രം ജയിച്ചാൽ 10 പോയിന്‍റിൽ കുടുങ്ങും. ഒപ്പം, അഫ്ഗാനിസ്ഥാൻ രണ്ടും നെതർലൻഡ്സ് മൂന്നും മത്സരങ്ങളും ജയിച്ചാൽ അവർക്കും 10 പോയിന്‍റ് വീതമാകും. എന്നാൽ, ഇക്കൂട്ടത്തിൽ എട്ടു പോയിന്‍റും കളിക്കാൻ മൂന്നു കളിയുമുള്ള ഓസ്ട്രേലിയക്കാണ് മുന്നേറാൻ സാധ്യത കൂടുതൽ.
സെമി ഫൈനലിലെ നാലാം സ്ഥാനത്തിനായുള്ള മത്സരം ന്യൂസിലൻഡും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലാണ്. 12 പോയിന്‍റെത്താൻ രണ്ടു ജയം മതിയെന്ന സ്ഥിതിക്ക് ന്യൂസിലൻഡിന് സാധ്യത കൂടുതലുണ്ട്. എന്നാൽ, തുടരെ മൂന്നു തോൽവികൾ ഏറ്റുവാങ്ങിയ ടീമിന്‍റെ ഫോം ആരാധകർക്ക് ആശങ്കാജനകമാണ്. ശനിയാഴ്ച ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ പാക്കിസ്ഥാന്‍റെ സാധ്യത വർധിക്കും. അവസാന മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാൽ അഫ്ഗാനും 12 പോയിന്‍റിലെത്താം. എന്നാൽ, അതിൽ രണ്ടു മത്സരങ്ങൾ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ ആയതിനാൽ സാധ്യത കുറവ്. ഒപ്പം, അവരുടെ നെറ്റ് റൺറേറ്റ് ഇപ്പോൾ -0.718 മാത്രമാണ്.
ഇന്ത്യയോടേറ്റ കനത്ത പരാജയത്തോടെ ശ്രീലങ്കയുടെ നെറ്റ് റൺ റേറ്റ് -0.653 ആയി ഇടിഞ്ഞു. അവർക്ക് എത്താവുന്ന പരമാവധി പോയിന്‍റ് എട്ടാണ്. ഇതിനൊപ്പം മറ്റു പല മത്സര ഫലങ്ങളും അവയിലെ വിജയ - പരാജയ മാർജിനുകളുമെല്ലാം ഒത്തു വരുന്ന ഒരു അദ്ഭുതം കൊണ്ടു മാത്രമേ അവർക്കിനി സെമി സാധ്യതയുള്ളൂ.