സീനിയര്‍ ഫുട്‌ബോള്‍: ആലപ്പുഴയെ നാലു ഗോളിന് തകര്‍ത്ത് ഇടുക്കി ഫൈനലില്‍

ആലപ്പുഴക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു ഇടുക്കിയുടെ ജയം
Senior Football: Idukki beats Alappuzha by four goals to reach final

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഇടുക്കി-ആലപ്പുഴ സെമിഫൈനല്‍ മത്സരത്തില്‍ നിന്ന്

Updated on

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ‍്യന്‍ഷിപ്പിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന രണ്ടാം സെമിഫൈനലില്‍ ആലപ്പുഴയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇടുക്കി രാജകീമായി ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കി.

ആലപ്പുഴക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു ഇടുക്കിയുടെ ജയം. ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ വിബിന്‍ വിധുവാണ് കളിയിലെ താരം. ആദ്യപകുതിയില്‍ ആലപ്പുഴയുടെ മികച്ച രണ്ട് അവസരങ്ങള്‍ ഇടുക്കി ഗോളി സി. ഫര്‍ഹാന്‍ രക്ഷപ്പെടുത്തിയിരുന്നു.

ഇടവേളക്ക് തൊട്ടു മുമ്പ് (43) അജ്മല്‍ കാജയാണ് ഇടുക്കിയെ മുന്നിലെത്തിച്ചത്. 56ാം മിനിറ്റില്‍ വിബിന്‍ വിധു രണ്ടാം ഗോള്‍ നേടി. ആലപ്പുഴ തിരിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ ഫാരിസ് അലിയിലൂടെ (53) ഇടുക്കി മൂന്നാം ഗോളും കുറിച്ചു. കോര്‍ണര്‍ കിക്ക് ഉള്‍പ്പെടെ നേടി ആലപ്പുഴ ഒരുഗോളെങ്കിലും എതിര്‍വലയിലെത്തിക്കാന്‍ തീവ്രശ്രമം നടത്തുന്നതിനിടെയായിരുന്നു വിബിന്‍ വിധു ഇടുക്കിയുടെ ജയവും അപ്രമാദിത്യവും ഉറപ്പിച്ച നാലാം ഗോള്‍ നേടിയത്.

ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനമായിരുന്നു കെ.ജെ. ജോബി പരിശീലിപ്പിക്കുന്ന ഇടുക്കിയുടേത്. മൂന്ന് മത്സരങ്ങളില്‍ ഒരുഗോള്‍ പോലും വഴങ്ങിയിട്ടില്ല. കോഴിക്കോടിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചായിരുന്നു ക്വാര്‍ട്ടര്‍ പ്രവേശനം. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരത്തെ തകര്‍ത്തത് പെനല്‍റ്റി ഷൂട്ടൗട്ടില്‍. ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നിലവിലെ ചാംപ‍്യന്‍മാരായ കോട്ടയത്തെ പരാജയപ്പെടുത്തിയതാണ് തൃശൂര്‍ ഫെനലിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ കൊല്ലത്തെയും, ക്വാര്‍ട്ടറില്‍ മലപ്പുറത്തെയുമാണ് തോല്‍പ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com