
സെവിയയ്ക്കെതിരേ പെനൽറ്റി എടുക്കുന്ന ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി.
മാഡ്രിഡ്: ലാമിൻ യമാൽ പരുക്കേറ്റ് പുറത്താവുകയും, റോബർട്ട് ലെവൻഡോവ്സ്കി പെനൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തപ്പോൾ, സ്പാനിഷ് ലീഗിൽ ബാഴ്സലോണ സെവിയ്യയോട് 1-4 എന്ന സ്കോറിനു തോറ്റും. ചാംപ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയോടും തോറ്റ ടീമിന് ഇതു തുടരെ രണ്ടാം പരാജയം.
അതേസമയം, ബാഴ്സയുടെ തോൽവി സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനം നിലനിർത്താൻ സഹായകമായി. ഇപ്പോൾ ബാഴ്സയെക്കാൾ രണ്ട് പോയിന്‍റ് അധികമുണ്ട് റയലിന്. ശനിയാഴ്ച നടന്ന മത്സരത്തിൽ വിയ്യാറയലിനെ റയൽ മാഡ്രിഡ് 3-1 ന് തോൽപ്പിച്ചിരുന്നു.
പിഎസ്ജിക്കെതിരായ മത്സരത്തിനിടെയാണ് യമാലിനു പരുക്കേറ്റത്. ഇതു കാരണം രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ താരം പുറത്തിരിക്കേണ്ടി വരും.
74ാം മിനിറ്റിലാണ് അലജാൻഡ്രോ ബാൾഡെയെ ഫൗൾ ചെയ്തതിന് ബാഴ്സയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെടുന്നത്. എന്നാൽ, കിക്കെടുക്കുന്നതിന് മുമ്പ് രണ്ട് തവണ സ്റ്റെപ്പ് മാറ്റിയ ലെവൻഡോവ്സ്കി, സെവിയ്യ ഗോൾകീപ്പർ ഒഡീസിയസ് വ്ലാക്കോഡിമോസ് താൻ ലക്ഷ്യമിടുന്ന സ്ഥലത്തേക്കു തന്നെയാണു നീങ്ങുന്നതെന്നു കണ്ട്, പന്ത് ഇടത് വശത്തേക്ക് അടിച്ചു; എന്നാൽ, അതു പുറത്തേക്കും പോയി!
അതേസമയം, 13ാം മിനിറ്റിൽ സെവിയ ലീഡ് നേടിയതും പെനൽറ്റിയിലൂടെയായിരുന്നു. ഐസക് റൊമേറോയെ റൊണാൾഡോ അരൗജോ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി, ബാഴ്സലോണയുടെ മുൻ വിങ്ങർ അലക്സിസ് സാഞ്ചസ് വലയിലെത്തിച്ചു. 36ാം മിനിറ്റിൽ ബാഴ്സലോണ പ്രതിരോധനിര താരം ജൂൾസ് കൂണ്ടെയിൽനിന്നു റാഞ്ചിയെടുത്ത പന്തുമായി നടത്തിയ കൗണ്ടർ അറ്റാക്കിൽ റൊമേറോ ഫിനിഷ് ചെയ്തതോടെ ലീഡ് ഇരട്ടിയായി.
ഇടവേളയ്ക്ക് തൊട്ടുമുമ്പ് മാർക്കസ് റാഷ്‌ഫോർഡ് ബാഴ്സയ്ക്കു വേണ്ടി ഒരു ഗോൾ മടക്കി. ജൂലൈയിൽ ലോണിൽ ബാഴ്സലോണയിൽ ചേർന്ന ശേഷം ലാ ലിഗയിൽ താരത്തിന്‍റെ ആദ്യ ഗോളാണിത്. പെഡ്രിയുടെ ക്രോസ് വലത് പോസ്റ്റിനടുത്ത് വെച്ച് ഒരൊറ്റ ടച്ചിലൂടെ റാഷ്‌ഫോർഡ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ലെവൻഡോവ്സ്കിക്ക് പെനാൽറ്റി നഷ്ടമായ ശേഷം, 89ാം മിനിറ്റിൽ ഹൊസെ ഏഞ്ചൽ കാർമോണ നീട്ടിയടിച്ച പന്ത് ഗോൾകീപ്പർ വോയിചെക്ക് ഷെസ്നിയുടെ കൈകൾക്കു മുകളിലൂടെ വലയിൽ കയറി. സ്റ്റോപ്പേജ് ടൈമിന്‍റെ ആറാം മിനിറ്റിൽ അകോർ ആഡംസ് ഒരു ഗോൾ കൂടി കൂട്ടിച്ചേർത്തു.
ഈ മത്സരത്തിന് മുൻപ് സെവിയ്യയുമായി കളിച്ച ഏഴ് മത്സരങ്ങളിലും ബാഴ്സലോണ വിജയിച്ചിരുന്നു.
മറ്റു മത്സര ഫലങ്ങൾ
തോൽവിയറിയാത്ത സെൽറ്റ വിഗോയോട് അത്‌ലറ്റിക്കോ മാഡ്രിഡ് 1-1 സമനിലയിൽ പിരിഞ്ഞു. കാൾ സ്റ്റാർഫെൽറ്റിന്‍റെ ഓൺ-ഗോളിലൂടെയാണ് അത്‌ലറ്റിക്കോ ലീഡ് നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, പ്രതിരോധ താരം ക്ലെമന്‍റ് ലെങ്‌ലെറ്റ് പിന്നിൽ നിന്ന് ഫൗൾ ചെയ്തതിന് രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ അത്‌ലറ്റിക്കോ 10 പേരായി ചുരുങ്ങി. 68-ാം മിനിറ്റിൽ ഇയാഗോ അസ്പാസ് സെൽറ്റ വിഗോയ്ക്ക് വേണ്ടി സമനില ഗോൾ നേടി.
അലാവെസ് എൽച്ചെയെ 3-1 ന് തോൽപ്പിച്ചു
റയൽ ബെറ്റിസ് എസ്പാനിയോളിനെ 2-1 ന് പരാജയപ്പെടുത്തി
റായോ വല്ലെക്കാനോ റയൽ സോസിഡാഡിനെ 1-0 ന് തോൽപ്പിച്ചു