

അങ്കുഷ് ഭരദ്വാജ്
ന‍്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയെത്തുടർന്ന് ഇന്ത‍്യൻ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെ സസ്പെൻഡ് ചെയ്തു. ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത‍്യയുടെതാണ് നടപടി. തന്‍റെ കീഴിൽ പരിശീലനം നടത്തിയ 17 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും എൻആർഎഐ സെക്രട്ടറി രാജീവ് ഭാട്ടീയ പിടിഐയോട് വ‍്യക്തമാക്കി.
കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അന്വേഷണം പൂർത്തിയാവുന്നതു വരെ പരീശിലനവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയിലും അങ്കുഷ് ഉണ്ടാവില്ലെന്നും രാജീവ് ഭാട്ടിയ പറഞ്ഞു. കഴിഞ്ഞ മാസം പരിശീലന സെഷനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഭരദ്വാജിനൊപ്പം പരിശീലനം നടത്തുന്ന പെൺകുട്ടി തന്‍റെ അമ്മയോട് ഇക്കാര‍്യം തുറന്നു പറഞ്ഞതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.