

ഷഹീൻ ഷാ അഫ്രീദി
വിക്റ്റോറിയ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മികച്ച താരങ്ങളിലൊരാളാണ് ഷഹീൻ ഷാ അഫ്രീദി. പേസ് കൊണ്ടും സ്വിങ് കൊണ്ടും എതിരാളികളെ പ്രതിരോധത്തിലാകുന്നത് ഷഹീന്‍റെ ഒരു വിനോദമാണ്. എന്നാൽ സമീപകാലങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം അത്ര മികച്ചതല്ലെന്ന് സ്റ്റാറ്റ്സുകൾ പരിശോധിക്കുമ്പോൾ മനസിലാവും.
അതിനുദാഹരണമാണ് ബിഗ് ബാഷ് ലീഗിൽ തിങ്കളാഴ്ച നടന്ന മെൽബൺ റിനിഗേഡ്സും ബ്രിസ്ബെയ്ൻ ഹീറ്റും തമ്മിലുള്ള മത്സരം. അരങ്ങേറ്റ മത്സരത്തിൽ 2.4 ഓവറിൽ നിന്നും താരം വിട്ടുകൊടുത്തത് 43 റൺസാണ്. ഒരു വിക്കറ്റ് പോലും ഷഹീന് വീഴ്ത്താനായില്ല.
തന്‍റെ മൂന്നാം ഓവറിൽ രണ്ടു ഭീമർ എറിഞ്ഞതിനു പിന്നാലെ താരത്തെ പന്തെറിയുന്നതിൽ നിന്നും വിലക്കിയിരുന്നു. ന‍്യൂസിലൻഡ് താരം ടിം സെയ്ഫെർട്ടാണ് ഷഹീനെ അടിച്ചു തരിപ്പണമാക്കിയത്. 16.13 ആണ് ഈ മത്സരത്തിലെ ഷഹീന്‍റെ ബൗളിങ് എക്കണോമി.
മെൽബൺ റിനിഗേഡ്സിനു വേണ്ടി 56 പന്തിൽ 9 ബൗണ്ടറിയും 6 സിക്സും അടക്കം 102 റൺസാണ് സെയ്ഫെർട്ട് അടിച്ചുകൂട്ടിയത്. അതേസമയം, പാക്കിസ്ഥാൻ താരമായ മുഹമ്മദ് റിസ്‌വാനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല (10 പന്തിൽ 4). ടി20 ക്രിക്കറ്റിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന റിസ്‌വാനെയാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ ദിവസം ബാബർ അസമിന് 98 റൺസിന് സെഞ്ചുറി നഷ്ടമായിരുന്നു.