
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനിലെ (എഐഎഫ്എഫ്) ശീതസമരം അവസാനിക്കുന്നില്ല. എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പ്രസിഡന്റ് കല്യാണ്‍ ചൗബെ പുറത്താക്കി. എഐഎഫ്എഫ്. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെയാണ് ഷാജി പ്രഭാകരെ പുറത്താക്കുന്നതെന്ന് കല്യാണ്‍ ചൗബേ പ്രസ്താവനയില്‍ അറിയിച്ചു. പകരം ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണന് സെക്രട്ടറി ജനറലിന്റെ താത്കാലിക ചുമതല നല്കി.
വിശ്വാസവഞ്ചന നടത്തിയതിനേത്തുടര്‍ന്ന് ഷാജിയുടെ സേവനം അടിയന്തരമായി അവസാനിപ്പിച്ചതെന്നാണ് പ്രസ്താവനയിലുള്ളത്. ഷാജിയുടെ പ്രവര്‍ത്തനങ്ങളില്‍ എഐഎഫ്എഫ് അംഗങ്ങള്‍ക്കിടയില്‍ നീരസമുണ്ടായിരുന്നു. ഇതാണ് അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് പ്രസ്താവനയില്‍ ചൗബേ വ്യക്തമാക്കി. അതേസമയം, കല്യാണ്‍ ചൗബെയുടെ നീക്കമാണ് പുറത്താക്കലില്‍ കലാശിച്ചതെന്നാണ് സൂചന.
ഷാജി പ്രഭാകരന്റെ പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന വേതനം എന്നിവയില്‍ എക്സിക്യുട്ടീവ് കമ്മിറ്റികള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഏഷ്യന്‍ ഫുട്ബോള്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗമായി അടുത്തിടെ നിയമിതനായ ഷാജി, വീഡിയോ അസിസ്റ്റന്റ് റഫറി (വാര്) സംവിധാനം നടപ്പാക്കുന്നതിന് ഫെഡറേഷനില്‍ മതിയായ പണമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കല്യാണ്‍ ചൗബെയെ ചൊടിപ്പിച്ചത്.
കല്യാണ്‍ ചൗബേക്കു കീഴില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാജി പ്രഭാകരന് എ.ഐ.എഫ്.എഫിന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റത്. കുഷാല്‍ ദാസിന്റെ സ്ഥാനത്തായിരുന്നു നിയമനം. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി രാജ്യത്തിന് പുറത്ത് സൗദി അറേബ്യയില്‍ നടത്തിയതും ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം 2018-നുശേഷം ആദ്യമായി ഫിഫയുടെ ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇടംനേടിയതും ഇക്കാലയളവിലാണ്. നേരത്തെ കൃത്യമായി തെരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തിരുന്നു. പി്ന്നീട് പ്രസിഡന്റായ പ്രഫുല്‍ പട്ടേലിനെ മാറ്റിക്കൊണ്ടാണ് കല്യാണ്‍ ചൗബെ തല്‍സ്ഥാനത്തെത്തിയത്. പുതിയ നീക്കങ്ങള്‍ ഫിഫയില്‍ അതൃപ്തിയുണ്ടാകാനുള്ള സാധ്യതയുണ്ട്.
തീരുമാനം ഞെട്ടിക്കുന്നത്: ഷാജി പ്രഭാകരന്
ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഫെഡറേഷന്റെ തീരുമാനം തന്നെ ഞൈട്ടിച്ചെന്ന് ഷാജി പ്രകാരന്‍ സമൂഹമാധ്യമങ്ങളില്‍.
' ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എഐഐഎഫ് എന്നെ മാറ്റിയത് വലിയ ഞെട്ടലാണുണ്ടാക്കുന്നത്. ഞങ്ങള്‍ ഒരു ടീം പോലെ പ്രവര്‍ത്തിച്ചതാണ്. വിശ്വാസവഞ്ചന കാണിച്ചെന്ന വലിയൊരു ആരോപണമാണ് അവര്‍ എനിക്കെതിരേ ചുമത്തിയത്. ഈ മനോഹര ഗെയിമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. ഇന്ത്യന്‍ ഫുട്ബോളിനുവേണ്ടിയുള്ള എന്റെ സത്യസന്ധമായ പ്രവര്‍ത്തനങ്ങളില്‍ കൂടെനിന്നവര്‍ക്ക് നന്ദി'- ഷാജി കുറിച്ചു.