
ധര്‍മശാല: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇത് മധുരപ്രതികാരം. മികച്ച ഫോമിലായിരുന്നിട്ടും ടീം കോംബിനേഷനില്‍ മാറ്റം വരുത്തേണ്ട എന്ന കാരണത്താല്‍ മാത്രം പുറത്തിരുന്ന മുഹമ്മദ് ഷമി ഇതാ തിരിച്ചുവരവ് അതിഗംഭീരമാക്കിയിരിക്കുന്നു, കരുത്തരായ ന്യൂസിലൻഡിനെതിരേ പ്ലെയർ ഓഫ് ദ മാച്ച് പ്രകടനത്തിലൂടെ.
ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ബെഞ്ചില്‍. പിന്നീട് അഫ്ഗാനിസ്താന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേയും താരത്തിന് അവസരം ലഭിച്ചില്ല. അധിക ബൗളിങ് ഓപ്ഷനായ ഹാര്‍ദിക് പാണ്ഡ്യ, ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരുടെ സാന്നിധ്യവും മുഹമ്മദ് സിറാജിന്‍റെ ഫോമുമായിരുന്നു ഷമിക്ക് വിലങ്ങുതടിയായത്. എന്നാല്‍, ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഹാര്‍ദിക്കിന് പരിക്കേറ്റതോടെ ടീം കോംബിനേഷനില്‍ മാറ്റത്തിന് ടീം മാനേജ്മെന്‍റ് നിര്‍ബന്ധിതരായി.
അതോടെ ന്യൂസീലന്‍ഡിനെതിരേ ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവും ഠാക്കൂറിന് പകരം ഷമിയും ടീമിലെത്തി. നാല് മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയതിന് മത്സരത്തില്‍, എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തായിരുന്നു ഷമി കണക്ക് തീര്‍ത്തത്.
ഒമ്പതാം ഓവറിലാണ് രോഹിത് ഷമിയെ പന്തേല്‍പ്പിക്കുന്നത്. ക്രീസില്‍, നിലയുറപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ഓപ്പണര്‍ വില്‍ യങ്ങും. എന്നാല്‍, ഷമിയുടെ പന്തിന്‍റെ അധിക ബൗണ്‍സ് മനസിലാക്കുന്നതില്‍ യങ്ങിന് പിഴച്ചു. ബാറ്റിലിടിച്ച് പന്ത് വിക്കറ്റുകള്‍ കടപുഴക്കി കടന്നുപോയി. ടീം മാനേജ്മെന്‍റിന് ഇതിലേറെ മികച്ച മറുപടി നൽകാനാവില്ല.
പിന്നീട് മികച്ച ഫോമില്‍ കളിക്കുകയായിരുന്ന രചിന്‍ രവീന്ദ്രയെ ശുഭ്മന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ചുകൊണ്ട് ഷമി ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂവും നല്‍കി. അഞ്ച് വിക്കറ്റ് വേട്ടയുമായാണ് ഷമി 10 ഓവർ അവസാനിപ്പിച്ചത്.
ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യ, ഓസ്ട്രേലിയയുമായി ഏകദിന പരമ്പര കളിച്ചിരുന്നു. ഓസീസ് ബാറ്റര്‍മാരെ അന്ന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഷമി ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കവും സമ്മാനിച്ചിരുന്നു.