കൺഫ്യൂഷനായല്ലോ... ഏതാണ് വിക്കറ്റ്, ഏതാണ് റണ്‍; ഇന്ത്യൻ ബൗളർമാരെ പുകഴ്ത്തി അക്തര്‍
ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിൽ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുൻ പാസാക്കിസ്ഥാൻ പേസർ ഷൊയ്ബ് അക്തർ ചെയ്‌ത ട്വീറ്റ് വൈറലാകുന്നു. ശ്രീലങ്കയുടെ സ്‌കോര്‍ ബോര്‍ഡ് കണ്ടിട്ട് റണ്‍സും വിക്കറ്റും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ലെന്നായിരുന്നു താരത്തിൻ്റെ ട്വീറ്റ്.
ഇന്ത്യൻ ബൗളർമാരെ വാനോളം പുകഴ്ത്തുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മൊഹമ്മദ് ഷമിയുടെ നേട്ടത്തെകുറിച്ചും ബുമ്രയുടെ ബൗളിങ്ങിനെയും അഭിനന്ദിച്ച അക്തർ ടൈം ഫോർ ഇന്ത്യ ടു സ്റ്റാർട്ട് സെലിബ്രേറ്റിംഗ് ദെയ്ർ ഫാസ്റ്റ് ബൗളേഴ്‌സ് എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.
അക്തർ എക്‌സിൽ പോസ്റ്റ് ചെയ്‌ത ട്വീറ്റ് നിമിഷ നേരംകൊണ്ടാണ് വൈറലായത്. നിരവധി ആളുകൾ ട്വീറ്റിന് രസകരമായ കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 302 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായ ഏഴാം പോരാട്ടവും ജയിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക കേവലം 19.4 ഓവറില്‍ 55 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി ഒരിക്കല്‍ക്കൂടി അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഇന്ത്യയെ അനായാസ ജയത്തിലേക്കെത്തിച്ചു. തുടക്കത്തില്‍ മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും ഒരു വിക്കറ്റ് നേടിയ ബുംമ്രയുമാണ് ലങ്കാദഹനത്തിനു തുടക്കം കുറിച്ചത്. ജഡേജ ഒരു വിക്കറ്റും നേടി. ഏകദിന ലോകകപ്പില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.