

ശ്രേയസ് അയ്യർ, സൂര‍്യകുമാർ യാദവ്
മുംബൈ: വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ഇന്ത‍്യൻ വൈസ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 53 പന്തിൽ 82 റൺസാണ് താരം അടിച്ചെടുത്തത്. 10 ബൗണ്ടറിയും 3 സിക്സും ഉൾപ്പെടുന്നതായിരുന്നു ശ്രേയസിന്‍റെ ബാറ്റിൽ നിന്നും പിറന്നത്.
ന‍്യൂസിലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ് നടത്തിയ ഈ നിർണായക ബാറ്റിങ് പ്രകടനം താരത്തിന് കായികക്ഷമത വീണ്ടെടുക്കാനാവുമോയെന്ന ചോദ‍്യങ്ങൾക്കുള്ള മറുപടിയായി കണക്കാക്കാം. ശ്രേയസ് കാഴ്ചവച്ച പ്രകടനത്തിന്‍റെ മികവിൽ മുംബൈയ്ക്ക് ഹിമാചൽ പ്രദേശിനെതിരേ 299 റൺസ് അടിച്ചെടുക്കാൻ സാധിച്ചു. 7 റൺസിനാണ് മുംബൈ വിജയിച്ചത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ശ്രേയസിന് പരുക്കേറ്റത്.
ഇന്ത‍്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിടെ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയുടെ ക‍്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ശ്രേയസിന് വാരിയെല്ലിന് പരുക്കേറ്റത്. തുടർന്ന് സിഡ്നിയിലെ ആശുപത്രിയിലെത്തിച്ച താരത്തെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പരുക്ക് ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു. അതേസമയം, സൂര‍്യകുമാർ യാദവ് ഇത്തവണയും മോശം ഫോം തുടർന്നു. 18 പന്തുകൾ നേരിട്ട സൂര‍്യ 24 റൺസെടുത്ത് മടങ്ങി.