ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള മത്സരത്തിൽ ശ്രേയസ് അയ്യരും
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ചാംപ്യൻസ് ട്രോഫിയിലും ഐപിഎല്ലിലുമെല്ലാം തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ സെലക്റ്റർമാരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ശ്രേയസ് അയ്യർക്കു സാധിച്ചിരുന്നില്ലെന്നു വേണം കരുതാൻ. പരുക്ക് അഭിനയിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിട്ടുനിന്നു എന്ന ആരോപണത്തിന്‍റെ പേരിൽ ബിസിസിഐ കരാർ പോലും നഷ്ടപ്പെട്ട ശ്രേയസിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താതിനു വേറെ കാരണവും അന്വേഷിക്കേണ്ടതില്ല.
നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ശ്രേയസ് ദേശീയ ടീമിൽ കളിക്കുന്നത്. എന്നാൽ, അറുനൂറ് റൺസിലധികം സ്കോർ ചെയ്ത ഇത്തവണത്തെ ഐപിഎൽ പ്രകടനം അദ്ദേഹത്തെ ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെത്തിക്കുമെന്നു പ്രതീക്ഷിക്കാം. ഇതു മാത്രമല്ല, വൈറ്റ് ബോൾ ഫോർമാറ്റിൽ ക്യാപ്റ്റനാക്കാനുള്ള പരിഗണനയിലേക്കും ശ്രേയസ് എത്തിക്കഴിഞ്ഞെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
രോഹിത് ശർമ വിരമിച്ചതോടെ ശുഭ്മൻ ഗില്ലിനെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനുമാക്കി. ഏകദിന ക്രിക്കറ്റിൽ മാത്രം തുടരുന്ന രോഹിത് ശർമയ്ക്ക് 2027ലെ ലോകകപ്പ് ആകുമ്പോഴേക്കും 40 വയസാകും. അതുവരെ ടീമിൽ തുടരാൻ അദ്ദേഹത്തിനു സാധിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോഴേ ക്യാപ്റ്റൻസി ചർച്ചകൾ പുരോഗമിക്കുന്നത്.
ലോകകപ്പ് പോലൊരു സുപ്രധാന ടൂർണമെന്‍റിൽ ടീമിനെ നയിക്കാനുള്ളയാളെ അതിനു തൊട്ടു മുൻപ് തെരഞ്ഞെടുക്കാൻ സാധ്യത വളരെ കുറവാണ്. ഒരു വർഷമെങ്കിലും മുൻപേ ചുമതല ഏൽപ്പിക്കും. ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ഗില്ലിന്‍റെ പ്രകടനം കൂടി കണക്കിലെടുത്താവും ഇക്കാര്യത്തിൽ സെലക്റ്റർമാർ അന്തിമ തീരുമാനമെടുക്കുക. ഏകദിന ടീമിലും അവിഭാജ്യ ഘടകമായ ഗില്ലിന്, ടെസ്റ്റ് ക്രിക്കറ്റിൽ നേതൃമികവ് തെളിയിക്കാൻ സാധിച്ചാൽ ഏകദിന ക്യാപ്റ്റൻസി കൂടി ലഭിക്കാൻ സാധ്യത ഏറെയാണ്.
ഇന്ത്യൻ ക്രിക്കറ്റിന്‍റെ രീതികളനുസരിച്ച്, ഇപ്പോഴത്തേതു പോലെ മൂന്നു ഫോർമാറ്റിനു മൂന്നു ക്യാപ്റ്റൻ എന്ന സംവിധാനം ദീർഘകാലത്തേക്കു തുടരാൻ സാധ്യതയില്ല. സൂര്യകുമാർ യാദവിന് ഏകദിന ടീമിൽ ഇടം പിടിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വൈറ്റ് ബോൾ ചുമതല പൂർണമായി അദ്ദേഹത്തെ ഏൽപ്പിക്കാനുമാവില്ല. 34 വയസുള്ള സൂര്യയെ ദീർഘകാല നേതൃത്വത്തിലേക്ക് പരിഗണിക്കുന്നതുമില്ല.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഐപിഎല്ലിൽ നേതൃമികവ് തെളിയിച്ച ശ്രേയസ് സജീവ പരിഗണനയിലേക്കു വരുന്നത്. മൂന്നു ടീമുകളെ ഐപിഎൽ ഫൈനലിലെത്തിച്ച ശ്രേയസ്, കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കിരീടവും നേടിയിരുന്നു. എം.എസ്. ധോണിയുടെയും വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻസി ശൈലികൾ ഒത്തുചേർന്നതാണ് ശ്രേയസിന്‍റെ ശൈലി എന്നാണ് വിലയിരുത്തൽ.