ബിസിസിഐയെ പേടിച്ച് രഞ്ജി ട്രോഫി കളിച്ച ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്

കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാവില്ല
ശ്രേയസ് അയ്യർ
ശ്രേയസ് അയ്യർFile photo

മുംബൈ: ബിസിസിഐയുടെ സമ്മര്‍ദത്തിനു വഴങ്ങി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് പരുക്കേറി. ഇതോടെ താരത്തിന് 22ന് ആരംഭിക്കുന്ന ഐപിഎല്‍ സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകന്‍ കൂടിയാണ് ശ്രേയസ്.

അടുത്തിടെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ശ്രേയസ്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ലെന്ന കാരണം മുന്‍നിര്‍ത്തിയാണ് ശ്രേയസിനെയും ഇഷാൻ കിഷനെയും കരാറില്‍ നിന്നൊഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. പിന്നാലെ പുറംവേദനയെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെത്തി. ദിവസങ്ങള്‍ക്ക് ശേഷം താരത്തിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാല്‍, രഞ്ജി മത്സരങ്ങളില്‍ നിന്ന് ശ്രേയസ് വിട്ടുനിന്നു. പരിക്ക് പൂര്‍ണമായും മാറിയില്ലെന്നാണ് ശ്രേയസ് അന്നതിനു കാരണം പറഞ്ഞത്.

എന്നാൽ, ബിസിസിഐ നടപടി വന്നതോടെ രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങി. ഫൈനലിന്‍റെ നാലാംദിനം മുംബൈക്കൊപ്പം ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല. പുറംവേദന കടുത്തതായിരുന്നു കാരണം. വിദര്‍ഭയ്ക്കെതിരേ രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സെടുത്ത ശേഷമായിരുന്നു ഇത്.

പുറംവേദന കാരണം ശ്രേയസ് അയ്യര്‍ കഴിഞ്ഞവര്‍ഷം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ഒന്‍പത് ദിവസം മാത്രം ബാക്കിയിരിക്കെയാണ് പരുക്ക് വീണ്ടും വഷളായിരിക്കുന്നത്.

ബിസിസിഐ മാതൃക കാണിക്കാന്‍ താരത്തെ ബലിയാടാക്കുകയാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്കും കടുത്ത വിമര്‍ശനമുണ്ട്. ആഭ്യന്തര മത്സരങ്ങളിൽ നിന്നും ടെസ്റ്റ് മത്സരങ്ങളിൽ നിന്നും സ്ഥിരമായി വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യക്കെതിരേ നടപടിയൊന്നും ഉണ്ടായില്ല എന്നതും വിമർശനങ്ങൾക്കു ശക്തി വർധിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.