

ശ്രേയസ് അയ്യർ
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത‍്യൻ ടീം വൈസ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ആരോഗ‍്യനില തൃപ്തികരമെന്ന് ബിസിസിഐ. താരം സുഖം പ്രാപിച്ചുവരുകയാണെന്ന് ബിസിസിഐ വ‍്യക്തമാക്കി.
നിലവിൽ സിഡ്നിയിലെ ആശുപത്രിയിൽ അത‍്യാഹിത വിഭാഗത്തിലാണ് ശ്രേയസ്. സ്കാനിങ്ങിൽ താരത്തിന് പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത‍്യൻ ടീമിന്‍റെ മെഡിക്കൽ സംഘം ശ്രേയസിനൊപ്പം തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയുടെ ക‍്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ശ്രേയസിന് വാരിയെല്ലിന് പരുക്കേറ്റത്.
തുടർന്ന് സിഡ്നിയിലെ ആശുപത്രിയിലെത്തിച്ച താരത്തെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ശ്രേയസിന്‍റെ മാതാപിതാക്കൾ സിഡ്നിയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഏകദേശം മൂന്ന് ആഴ്ച താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ പരുക്ക് ഭേദമാകാൻ അതിലും കൂടുതൽ സമയം വേണ്ടി വരുമെന്നാണ് വിവരം.