കോലിക്കു പകരം കളിച്ചത് ജയ്സ്വാളല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രേയസ്!

വിരാട് കോലിക്കു പരുക്കേറ്റപ്പോഴാണ് ഓപ്പണർ യശസ്വി ജയ്സ്വാളിന് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം കിട്ടിയതെന്ന ധാരണ തെറ്റ്
Shreyas Iyer
ശ്രേയസ് അയ്യർFile photo
Updated on

ന്യൂഡൽഹി: വിരാട് കോലിക്കു പരുക്കേറ്റപ്പോഴാണ് ഓപ്പണർ യശസ്വി ജയ്സ്വാളിന് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം കിട്ടിയതെന്ന ധാരണ തെറ്റ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയ്സ്വാളല്ല താനായിരുന്നു കോലിയുടെ പകരക്കാരൻ എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ.

മത്സരത്തിന്‍റെ തലേ ദിവസം തയാറാക്കിയ പ്ലെയിങ് ഇലനിൽ തന്‍റെ പേരുണ്ടായിരുന്നില്ലെന്നാണ് ശ്രേയസ് പറയുന്നത്. ജയ്സ്വാളിനെ നേരത്തെ തന്നെ ഓപ്പണറായി നിശ്ചയിച്ചിരുന്നു. രാത്രി വൈകിയാണ് കോലിക്കു പരുക്കേറ്റെന്നും, പകരം താനാണ് കളിക്കേണ്ടതെന്നും ക്യാപ്റ്റൻ രോഹിത് ശർമ അറിയിക്കുന്നത്. പിറ്റേന്നു കളിക്കാനിറങ്ങണ്ടല്ലോ എന്നു കരുതി സിനിമ കണ്ടിരിക്കുകയായിരുന്നു എന്നും ശ്രേയസ് അയ്യർ.

മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത് ശുഭ്മൻ ഗിൽ ആയിരുന്നെങ്കിലും, യഥാർഥത്തിൽ കളി ഇന്ത്യക്ക് അനുകൂലമാക്കിയത് ശ്രേയസിന്‍റെ വെടിക്കെട്ട് ഇന്നിങ്സ് ആയിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയെയും (2) ജയ്സ്വാളിനെയും (15) തുടക്കത്തിലേ നഷ്ടമായ ശേഷമാണ് ക്രീസിലെത്തിയതെങ്കിലും, എതിർ ക്യാംപിലേക്ക് പ്രത്യാക്രമണം നയിക്കുന്ന ഇന്നിങ്സാണ് ശ്രേയസ് പുറത്തെടുത്തത്.

ജോഫ്ര ആർച്ചറെ തുടർച്ചയായി രണ്ടു സിക്സറുകൾക്ക് പറത്തിയത് അടക്കമുള്ള ഷോട്ടുകൾ ടീമിന്‍റെയാകെ മൈൻഡ് സെറ്റ് മാറ്റുന്ന തരത്തിലുള്ളതായിരുന്നു. 36 പന്തിൽ 59 റൺസാണ് ശ്രേയസ് നേടിയത്.

ഇയാൾ കളിക്കുന്നത് ഏകദിന ക്രിക്കറ്റല്ല, ടി20 ക്രിക്കറ്റാണെന്ന് കമന്‍റേറ്റർമാരെക്കൊണ്ട് പറയിച്ച ഇന്നിങ്സ്. ടി20 ടീമിൽ തന്നെ ഉൾപ്പെടുത്താത്തതിലും, ഏകദിന ടീമിൽ നിന്നു തഴയാൻ ആലോചിച്ചതിലുമെല്ലാമുള്ള ശ്രേയസിന്‍റെ രോഷം മുഴുവൻ നേരിട്ടത് ഇംഗ്ലണ്ടിന്‍റെ ബൗളർമാരും.

ശ്രേയസിനെ പ്ലെയിങ് ഇലവനിൽ നിന്നു മാറ്റിനിർത്താനുള്ള ടീം മാനെജ്മെന്‍റ് തീരുമാനത്തെ ആകാശ് ചോപ്ര അടക്കമുള്ളവർ അതിരൂക്ഷമായാണ് വിമർശിച്ചത്. കോലിയാണ് ടീമിലുണ്ടായിരുന്നതെങ്കിൽ ഗിൽ ഏതു പൊസിഷനിൽ കളിക്കുമായിരുന്നു എന്നും ചോപ്ര ചോദിക്കുന്നു. ഈ മത്സരത്തിൽ മൂന്നാം നമ്പറിലാണ് ഗിൽ ഇറങ്ങിയത്.

ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ സെലക്ഷൻ രീതി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ് ശ്രേയസിന്‍റെ വെളിപ്പെടുത്തലോടെ. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിലും ടീം തെരഞ്ഞെടുപ്പ് രൂക്ഷമായ വിമർശനങ്ങൾക്കു കാരണമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com