

ശ്രേയസ് അയ്യർ
ന‍്യൂഡൽഹി: ദീർഘ കാലത്തെ പരുക്ക് ഭേദമായി ഏകദിന ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത‍്യൻ താരം ശ്രേയസ് അയ്യർ. ആഭ‍്യന്തര ക്രിക്കറ്റിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ ശ്രേയസ് മുംബൈയെ നയിക്കും.
നിലവിലെ ടീമിന്‍റെ ക‍്യാപ്റ്റൻ ശാർദൂൾ ഠാക്കൂറിന് പരുക്കേറ്റതിനാൽ ടൂർണമെന്‍റിൽ നിന്നും പുറത്തായിരുന്നു. ജനുവരി 6നാണ് ടൂർണമെന്‍റിൽ മുംബൈയുടെ അടുത്ത മത്സരം. ഹിമാചൽ പ്രദേശാണ് എതിരാളികൾ.
ഹിമാചൽ പ്രദേശിനെതിരായ മത്സരം ശ്രേയസിന് നിർണായകമാണ്. നിലവിൽ 5 മത്സരങ്ങളിൽ നിന്നും 16 പോയിന്‍റുകളുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ.
അതേസമയം, ന‍്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലും ശ്രേയസിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായിക ക്ഷമതയുടെ അടിസ്ഥാനത്തിലായിരിക്കും താരത്തെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമോയെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ ബിസിസിഐ തീരുമാനമെടുക്കുക.
ഇന്ത‍്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിടെ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയുടെ ക‍്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ശ്രേയസിന് വാരിയെല്ലിന് പരുക്കേറ്റത്. തുടർന്ന് സിഡ്നിയിലെ ആശുപത്രിയിലെത്തിച്ച താരത്തെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പരുക്ക് ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടു.