
ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്ലിനും ഇഷാന് കിഷനും വന്‍ മുന്നേറ്റം. ഇന്നലെ പുറത്തുവന്ന പുതിയ റാങ്കിങ്ങില്‍ ഏകദിന ബാറ്റര്‍മാരില്‍ ഗില്‍ മൂന്നാം സ്ഥാനത്തെത്തി. 750 റേറ്റിങ് പോയന്റോടെയാണ് ഗില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്.
നേപ്പാളിനെതിരേ കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത പ്രകടനമാണ് ഗില്ലിന് നേട്ടമായത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡെര്‍ ദസ്സനുമായി തട്ടിച്ചുനോക്കുമ്പോള്‍ 27 പോയന്റ് മാത്രം പിന്നിലാണ് ഗില്‍. അതേസമയം പാക്കിസ്ഥാനെതിരേ പുറത്തെടുത്ത പ്രകടനത്തോടെ റാങ്കിങ്ങില്‍ 12 സ്ഥാനം മെച്ചപ്പെടുത്തിയ ഇഷാന് കിഷന് 24-ാം റാങ്കിലെത്തി. 624 റേറ്റിങ് പോയന്റാണ് കിഷനുള്ളത്. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച റാങ്കിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
882 പോയന്റുമായി പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. 695 പോയന്റുള്ള വിരാട് കോലി പത്താം സ്ഥാനത്തുണ്ട്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള മുഹമ്മദ് സിറാജാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. കുല്‍ദീപ് യാദവ് 12-ാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്‍ട്രിയാണ്.