

ശുഭ്മൻ ഗിൽ, വിരാട് കോലി
ന‍്യൂഡൽഹി: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് മുന്നേറ്റം. സ്റ്റാർ താരം വിരാട് കോലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഗിൽ രണ്ടാം സ്ഥാനത്തെത്തി. നിലവിൽ 791 റേറ്റിങ് പോയിന്‍റുണ്ട് ഗില്ലിന്.
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഗില്ലിന് ഐസിസി റാങ്കിങ്ങിൽ കുതിപ്പുണ്ടാക്കാൻ സഹായകരമായത്. പരമ്പരയിലെ രണ്ട് മത്സരങ്ങൾ മാത്രം ബാറ്റ് ചെയ്ത ഗിൽ 238 റൺസാണ് അടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പര പരുക്ക് മൂലം കളിക്കാൻ സാധിക്കാത്തത് കോലിക്ക് തിരിച്ചടിയാകുകയും ചെയ്തു.
815 പോയിന്‍റുകളുമായി ന‍്യൂസിലൻഡ് താരം ഡാരിൽ മിച്ചലാണ് ഒന്നാം സ്ഥാനത്ത്. ഗില്ലിനും കോലിക്കും പുറമെ രോഹിത് ശർമ മാത്രമാണ് റാങ്കിങ്ങിലെ ആദ‍്യ പത്തിലുള്ള മറ്റ് ഇന്ത‍്യൻ താരം. ഇനി 24 പോയിന്‍റുകൾ കൂടി നേടാനായാൽ ഏകദിനത്തിലെ ലോക റാങ്കിങ്ങിൽ ഒന്നാം നമ്പർ താരമായി ഗില്ലിന് മാറാം. അതേസമയം, അർഷ്ദീപ് സിങ് 22 സ്ഥാനത്തും പ്രസിദ്ധ് കൃഷ്ണ 58ാം സ്ഥാനത്തും വാഷിങ്ടൺ സുന്ദർ 71ാം സ്ഥാനത്തുമെത്തി.