

ശുഭ്മൻ ഗിൽ,ഗൗതം ഗംഭീർ
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20 പരമ്പരയ്ക്കായി വ‍്യാഴാഴ്ച കളത്തിലിറങ്ങുകയാണ് ഇന്ത‍്യ. നിലവിൽ 1-1ന് പരമ്പര സമമാണ്. വ‍്യാഴാഴ്ച നടക്കുന്ന മത്സരം വിജയിക്കാനായാൽ ഇന്ത‍്യക്ക് പരമ്പരയിൽ മുന്നിലെത്താം.
എന്നാൽ വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ ഫോമാണ് ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മൂന്നു ടി20 മത്സരങ്ങളിൽ നിന്നും 57 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതിനിടെ ഗില്ലിനെ പരിശീലനത്തിനിടെ മാറ്റി നിർത്തി ഉപദേശിക്കുന്ന മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ ദൃശ‍്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
പരിശീലന സെഷനിടെ ഗില്ലിനെ ഗൗതം ഗംഭീർ വിളിച്ചു കൊണ്ടു പോകുന്നതും മാറ്റി നിർത്തി ഏറെ നേരം ചർച്ചയിൽ ഏർപ്പെടുന്നതുമാണ് വിഡിയോയിലൂടെ കാണാൻ സാധിക്കുന്നത്.
ടി20യിൽ ഇന്ത‍്യൻ ടീമിന്‍റെ ഓപ്പണിങ് ബാറ്ററായിരുന്ന മലയാളി താരം സഞ്ജു സാംസനെ മാറ്റിയായിരുന്നു ഗില്ലിനെ ഓപ്പണിങ് ബാറ്ററാക്കിയത്. ഇതിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ ഗില്ലിന് ഫോം വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ തിരിച്ചടിയായേക്കും.