
ശുഭ്മൻ ഗിൽ
ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് റെക്കോഡ്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 5 സെഞ്ചുറികൾ നേടിയ ഇന്ത‍്യൻ ക‍്യാപ്റ്റനെന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്. ക‍്യാപ്റ്റനായെത്തിയ ഏഴാം ടെസ്റ്റിലാണ് ഗിൽ അഞ്ചാം സെഞ്ചുറി നേടിയത്.
196 പന്തിൽ നിന്നും 16 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പടെ പുറത്താവാതെ 129 റൺസാണ് ഗിൽ നേടിയത്. ടെസ്റ്റിൽ തന്‍റെ പത്താം സെഞ്ചുറിയാണ് വെസ്റ്റ് ഇൻഡീസിനെതിരേ നേടിയത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗില്ലിന് 19 സെഞ്ചുറികളുണ്ട്. ഇതോടെ വിരാട് കോലിയെയും ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെയും ഗിൽ പിന്നിലാക്കി.
ഇന്ത‍്യൻ ടീമിന്‍റെ ക‍്യാപ്റ്റനായിരിക്കെ വിരാട് കോലി 2017ലും 2018ലും 5 സെഞ്ചുറികളും 1997ൽ സച്ചിൻ ടെൻഡുൽക്കർ 4 സെഞ്ചുറികളും നേടിയിട്ടുണ്ട്. വിരാട് കോലി 2017ൽ 16 ഇന്നിങ്സുകളിൽ നിന്നും 2018ൽ 24 ഇന്നിങ്സുകളിൽ നിന്നുമാണ് സെഞ്ചുറി നേടിയത്. അതേസമയം, സച്ചിൻ 17 ഇന്നിങ്സുകളിൽ നിന്നാണ് നാലു സെഞ്ചുറികൾ നേടിയത്. ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് 5 സെഞ്ചുറികൾ നേടിയ ഇന്ത‍്യൻ ക‍്യാപ്റ്റനെന്ന റെക്കോഡ് സുനിൽ ഗവാസ്കറിന്‍റെ പേരിലാണ്. 10 ഇന്നിങ്സുകളിൽ നിന്നാണ് ഗവാസ്കർ 5 സെഞ്ചുറികൾ തികച്ചത്.