

ശുഭ്മൻ ഗിൽ
ചണ്ഡീഗഡ്: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ നിരാശപ്പെടുത്തി ശുഭ്മൻ ഗിൽ. എലൈറ്റ് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ പഞ്ചാബിനു വേണ്ടി ബാറ്റേന്തിയ താരത്തിന് ആകെ ഒരു റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് ശുഭ്മൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത്.
വിഹാൻ മൽഹോത്ര പുറത്തായ ശേഷമാണ് നാലാം നമ്പറിൽ ഗിൽ ബാറ്റിങ്ങിനിറങ്ങിയത്. 5 പന്തുകൾ നേരിട്ട ശേഷം 26ാം ഓവറിലെ ആദ്യ പന്തിൽ ഗിൽ കളം വിട്ടു. ഛത്തീസ്ഗഡ് സ്പിന്നർ അജയ് മണ്ടൽ ഗില്ലിനെ ബൗൾഡ് ആക്കുകയായിരുന്നു.
റെഡ് ബോൾ ക്രിക്കറ്റിൽ പരിശീലനത്തിനായാണ് അവസാന നിമിഷത്തിൽ ഗില്ലിനെ പഞ്ചാബ് രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്തിയത്. ന്യൂസിലൻഡിനെതിരേ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നതിനു മുൻപ് മൂന്ന് ഏകദിന മത്സരങ്ങളും താരം കളിക്കും. നിലവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ് പഞ്ചാബ്.