"സെലക്റ്റർമാരുടെ തീരുമാനം അംഗീകരിക്കുന്നു"; ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ഗിൽ

ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് താരം വാർത്താ സമ്മേളനത്തിൽ പറഞ്ഞു
shubman gill responds to exclusion of him from t20 worldcup squad

ശുഭ്മൻ ഗിൽ

Updated on

വഡോദര: ടി20 ഫോർ‌മാറ്റിൽ സമീപകാലത്ത് പുറത്തെടുത്ത മോശം പ്രകടനം മൂലം ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ട നടപടിയിൽ പ്രതികരണവുമായി ഇന്ത‍്യൻ ടീം ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ. സെലക്റ്റർമാരുടെ തീരുമാനം അംഗീകരിക്കുന്നുവെന്നു പറഞ്ഞ ഗിൽ ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് കൂട്ടിച്ചേർത്തു.

''എന്‍റെ ജീവിതത്തിൽ ഞാൻ എവിടെയായിരിക്കണമോ അവിടെ തന്നെയാണ് എത്തിയിരിക്കുന്നതെന്നാണ് എന്‍റെ വിശ്വാസം. എന്‍റെ വിധി മാറ്റാൻ ആർക്കും സാധിക്കില്ല. ലോകകപ്പിൽ കളിച്ചിരുന്നുവെങ്കിൽ ഏതൊരു താരത്തെയും പോലെ ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമായിരുന്നുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇന്ത‍്യ ലോകകപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.'' ഗിൽ പറഞ്ഞു.

ന‍്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഗിൽ പ്രതികരിച്ചത്. അതേസമയം, മുൻ ഇന്ത‍്യൻ താരം സഞ്ജയ് മഞ്ജരേക്കർ അടുത്തിടെ വിരാട് കോലിക്കെതിരേ നടത്തിയ പ്രസ്താവനയിലും ഗിൽ പ്രതികരിച്ചു. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി എളുപ്പമുള്ള ഫോർമാറ്റായ ഏകദിനം തെരഞ്ഞെടുത്തെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രസ്താവന.

എന്നാൽ ഏകദിനം ക്രിക്കറ്റിൽ എളുപ്പമുള്ള ഫോർമാറ്റാണെന്ന് താൻ കരുതുന്നില്ലെന്നും അങ്ങനെയായിരുന്നുവെങ്കിൽ 2011 ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത‍്യ നിരവധി ഐസിസി കിരീടങ്ങൾ നേടുമായിരുന്നുവെന്നും ഗിൽ കൂട്ടിച്ചേർത്തു.

36 ടി20 മത്സരങ്ങൾ ഇന്ത‍്യക്കു വേണ്ടി കളിച്ച ഗിൽ 28.03 ശരാശരിയിൽ 869 റൺസ് നേടിയിട്ടുണ്ട്. 138.59 ആണ് ടി20യിൽ ഗില്ലിന്‍റെ സ്ട്രൈക്ക് റേറ്റ്. അവസാനം കളിച്ച 15 ടി20 മത്സരങ്ങളിൽ നിന്നായി 24.25 ശരാശരിയിൽ 291 റൺസ് മാത്രമാണ് ഗില്ലിന് നേടാൻ സാധിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് താരത്തിന് ടി20 ടീമിൽ നിന്നും ഒഴിവാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com