
സിമ്രൻജീത് സിങ്ങും ശുഭ്മൻ ഗില്ലും ഇന്ത്യ - യുഎഇ മത്സരത്തിനു ശേഷം.
ഒടുവിലിതാ, നെറ്റ്സിലെ പഴയ പയ്യനു പന്തെറിയാൻ വീണ്ടും സിമ്രൻജീത് സിങ് എത്തിയിരിക്കുന്നു, ഇത്തവണ അതൊരു അന്താരാഷ്ട്ര വേദിയിൽ! ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആയിരുന്നു ആ പഴയ 12 വയസുകാരൻ. 14 വർഷത്തിനിപ്പുറം അവനയാളെ തിരിച്ചറിഞ്ഞു, സൗഹൃദം പങ്കുവച്ചു...
ഏഷ്യ കപ്പിൽ യുഎഇ മുന്നോട്ടു വച്ച 58 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ചാം ഓവറിലെ രണ്ടാമത്തെ പന്തിൽ 56 റൺസിലെത്തിക്കഴിഞ്ഞിരുന്നു. മൂന്നാമത്തെ പന്ത് ബൗണ്ടറി കടത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടീമിന്‍റെ വിജയം പൂർത്തിയാക്കി. പിന്നെ നേരേ ബൗളറുടെ അടുത്തേക്കു നടന്നു. കളി കഴിഞ്ഞ് പതിവുള്ള ഹസ്തദാനത്തനപ്പുറത്തേക്കു നീണ്ട സൗഹൃദ സംഭാഷണം, ആലിംഗനം. ബൗളറുടെ മുഖത്ത് വിടർന്ന വിശാലമായ ചിരി ഒരു പരാജിതന്‍റേതായിരുന്നുമില്ല....
സിമ്രൻജീത് സിങ് എന്നാണ് ആ ഇടങ്കയ്യൻ സ്പിന്നറുടെ പേര്. ഏഷ്യ കപ്പ് തുടങ്ങും മുൻപേ അയാളുടെ വാക്കുകൾ മാധ്യമങ്ങളിൽ ആഘോഷമായിരുന്നു. ഗില്ലിനു പണ്ട് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുത്തിട്ടുണ്ടെന്നായിരുന്നു സിമ്രൻജീത്തിന്‍റെ വെളിപ്പെടുത്തൽ. അയാളന്നു ജന്മനാടായ പഞ്ചാബിൽ തന്നെയാണ്. പണ്ടൊരു പ്രാക്റ്റീസ് സെഷനിൽ പന്തെറിഞ്ഞ തന്നെപ്പോലൊരു ബൗളറെ ഗിൽ ഇപ്പോൾ ഓർക്കുന്നുപോലുമുണ്ടാവില്ല എന്നു കൂടി കൂട്ടിച്ചേർത്തിരുന്നു സിമ്രൻജീത്. അന്ന് ഗില്ലിനു വെറും 12 വയസാണ്!
പക്ഷേ, മത്സരശേഷം ഗിൽ നടത്തിയ സ്നേഹപ്രകടനം ആ സംശയമൊക്കെ മായ്ച്ചു കളഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി, ടി20 വൈസ് ക്യാപ്റ്റനായി, വയസ് 26 ആയി. പക്ഷേ, പതിനാല് വർഷത്തിനിപ്പുറം താനാ പഴയ നെറ്റ് ബൗളറെ മറന്നിട്ടില്ലെന്നു വിളിച്ചറിയിക്കുന്ന ഊഷ്മളതയുണ്ടായിരുന്ന ഗില്ലിന്‍റെ പെരുമാറ്റത്തിൽ.
2021ലാണ് സിമ്രൻജീത് സിങ് ഒരു പരിശീലനത്തിൽ പങ്കെടുക്കാൻ ദുബായിലേക്കു പോകുന്നത്. പത്തിരുപതു ദിവസത്തിനുള്ളിൽ ലോകം ലോക്ക്ഡൗണിലായി- കൊവിഡ് മഹാമാരിയുടെ കാലമായിരുന്നല്ലോ അത്! ഇന്ത്യയിലും പകർച്ചവ്യാധി പടർന്നുപിടിച്ചതോടെ സിമ്രൻജീത്തിനു മടങ്ങിപ്പോരാൻ കഴിയാത്ത അവസ്ഥ. എങ്കിൽപ്പിന്നെ അവിടെ തന്നെ തുടർന്നാലോ എന്നായി ആലോചന. 21 വയസ് വരെ ജീവിച്ചതും ക്രിക്കറ്റ് കളിച്ചതുമൊക്കെ പഞ്ചാബിൽ തന്നെയായിരുന്നെങ്കിലും, സംസ്ഥാന ടീമിൽ പോലും ഇടം നേടാനായിരുന്നില്ല.
യുഎഇ ദേശീയ ടീമിലേക്കു പരിഗണിക്കപ്പെടണമെങ്കിൽ മൂന്ന് ആഭ്യന്തര സീസണുകളിൽ അവിടെ കളിക്കണം. അറിയാവുന്ന പണി ക്രിക്കറ്റ് കളി മാത്രം. അങ്ങനെ ക്ലബ് ക്രിക്കറ്റ് കളിച്ചും ജൂനിയർ താരങ്ങളെ പരിശീലിപ്പിച്ചുമൊക്കെ ജീവിക്കാൻ വഴി കണ്ടെത്തി. കഷ്ടപ്പെട്ടത് വെറുതേയായില്ല; യുഎഇ ടീമിലേക്കു വിളി വന്നു. പിന്നാലെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്‍റെ സെൻട്രൽ കോൺട്രാക്റ്റും കിട്ടി.
യുഎഇക്കു വേണ്ടി ഇതിനകം 18 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു സിമ്രൻജീത് സിങ്- 13 ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും. രണ്ട് ഫോർമാറ്റിലും ഓരോ നാല് വിക്കറ്റ് പ്രകടനങ്ങൾ. അന്താരാഷ്ട്ര വിക്കറ്റുകൾ ആകെ 25. ഒടുവിലിതാ, നെറ്റ്സിലെ പഴയ പയ്യനു പന്തെറിയാൻ വീണ്ടും, ഇത്തവണ അതൊരു അന്താരാഷ്ട്ര വേദിയിൽ!