
മുംബൈ: ഡെങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപ്പണർ ശുഭ്‌മൻ ഗിൽ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഗില്ലിനു പകരം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് ഇഷാൻ കിഷനായിരുന്നു.
അഫ്ഗാനെ നേരിടാൻ ഡൽഹിക്കു പോകുന്ന ഇന്ത്യൻ ടീമിനൊപ്പം ഗിൽ ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ചെന്നൈയിൽ തന്നെ വൈദ്യശാസ്ത്ര സംഘത്തിന്‍റെ നിരീക്ഷണത്തിൽ തുടരാനാണ് നിർദേശിച്ചിരിക്കുന്നത്.
അഫ്ഗാനെതിരായ മത്സരത്തിൽ ഗില്ലിനു കളിക്കാൻ കഴിയുമോ എന്നു പരിശോധിക്കുമെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, അസുഖം പൂർണമായി ഭേദമാകാത്ത സാഹചര്യത്തിൽ വിശ്രമം നീട്ടാനാണ് തീരുമാനം.
ഈ വർഷം ലോകത്തേറ്റവും കൂടുതൽ ഏകദിന റൺസെടുത്ത ബാറ്ററാണ് ഗിൽ. 72.35 ശരാശരിയിൽ 1230 റൺസെടുത്തിട്ടുണ്ട്. 105.3 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ടു സെഞ്ചുറികളും നേടിക്കഴിഞ്ഞു.
ഒക്റ്റോബർ 11നാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. അതിനു ശേഷം ഒക്റ്റോബർ 14ന് പാക്കിസ്ഥാനെയും നേരിടും.