''ഒഴിവാക്കാൻ ഒറ്റക്കാരണം, അവന്‍റെ പേര് സിറാജ്!'' ക്രിക്കറ്റിൽ വിവേചന വിവാദം

മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ മതം ആരോപിച്ച് കോൺഗ്രസ് എംപി; നിഷേധിച്ച് ബിജെപി, ടീം കോമ്പിനേഷൻ എന്ന് മാനെജ്മെന്‍റ്
Siraj's Test Exclusion Sparks Political Row: Congress MP Alleges Bias, BJP Rejects It

മുഹമ്മദ് സിറാജ്.

File photo

Updated on: 

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പേസ് ബൗളർ മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് മതത്തിന്‍റെ പേരിലുള്ള വിവേചനം കാരണമെന്ന ആരോപണവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. ഇതിനെതിരേ ബിജെപിയും രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയവിവാദമായി. സിറാജിനെ ഒഴിവാക്കിയത് പ്രകടനവുമായി ബന്ധപ്പെട്ടതല്ല, മതപരമായ വിവേചനത്തിന്‍റെ ഫലമാണെന്നാണ് സഹാറൻപുർ എംപിയായ മസൂദ് ആരോപിച്ചത്.

"നല്ല പ്രകടനം കാഴ്ചവെച്ചിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം നൽകിയില്ല എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പേര് 'സിറാജ്' എന്നാണ്, അതുകൊണ്ടാണ് ഇടം നൽകാത്തത്. നല്ല പ്രകടനം ഉണ്ടായിട്ടും തെരഞ്ഞെടുക്കുന്നില്ലെങ്കിൽ വിവേചനം വ്യക്തമാണ്," വാർത്താ ഏജൻസി എഎൻഐയോട് മസൂദ് പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപണം തള്ളി. "ഇവിടെ ആരും മതത്തിന്‍റെ പേരിൽ വിവേചനം നേരിടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നില്ല. നമ്മുടെ രാജ്യത്ത് അവസരങ്ങൾ നൽകുന്നത് കഴിവിന്‍റെ അടിസ്ഥാനത്തിലാണ്. മതത്തിനോ ജാതിക്കോ അതിൽ പങ്കില്ല," റിജിജു പറഞ്ഞു.

ക്രിക്കറ്റിലേക്ക് കോൺഗ്രസ് വോട്ട്ബാങ്ക് രാഷ്ട്രീയം കൊണ്ടുവരുന്നുവെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ ആരോപിച്ചു. "ഇന്ത്യൻ ജഴ്സി ധരിക്കുന്നയാൾ ഇന്ത്യക്കാരനാണ്" എന്നും കോൺഗ്രസ് രാജ്യതാത്പര്യത്തിനു മുകളിൽ വോട്ട്ബാങ്ക് രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രസ്താവനയെ "വളരെ വളരെ ദൗർഭാഗ്യകരം" എന്ന് ബിജെപി നേതാവ് ബൂറ നർസയ്യ ഗൗഡ് വിശേഷിപ്പിച്ചു; മതങ്ങൾ വ്യത്യസ്തമാണെങ്കിലും എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന് അദ്ദേഹം ഐഎഎൻഎസിനോട് പറഞ്ഞു. മസൂദ് ഹിന്ദു–മുസ്‌ലിം വിഷയം ആവർത്തിച്ച് ഉയർത്തുന്നുവെന്ന് ബിജെപി വക്താവ് ടി.ആർ. ശ്രീനിവാസ് ആരോപിച്ചു.

നാല് സ്പെഷ്യലിസ്റ്റ് പേസർമാരുമായാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കുന്നത് - ജസ്പ്രീത് ബുംറ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംഭോജ്. ടീം മാനെജ്മെന്‍റിന്‍റെ ഇഷ്ട ബൗളിങ് കോംബിനേഷനും വെല്ലിങ്ടണിലെ സാഹചര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ബാറ്റിങ് കോച്ച് സിതാംശു കോടക് തീരുമാനത്തെ ന്യായീകരിച്ചു: "സിറാജിന് കുഴപ്പമൊന്നുമില്ല. ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ഇതാണ് മികച്ച ഇലവൻ എന്ന് ഞങ്ങൾക്ക് തോന്നി. സിറാജിനെ ഒഴിവാക്കിയത് തെറ്റായിപ്പോയെന്നു ഞാൻ കരുതുന്നില്ല. ഒന്നാം ദിനത്തിനു മാത്രമല്ല, രണ്ടും മൂന്നും നാലും ദിനങ്ങൾക്കും വേണ്ടിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്."

ഈ തീരുമാനത്തെ ക്രിക്കറ്റ് വിദഗ്ധരും ചോദ്യം ചെയ്തിട്ടുണ്ട്. ആദ്യ ദിനം ആതിഥേയർക്ക് 70 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ശേഷം 368 റൺസ് വരെ എത്തിയതിനു പിന്നാലെ ഇന്ത്യയുടെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രി സിറാജിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തു. പരമ്പരയ്ക്ക് മുമ്പുതന്നെ, കൊളംബോയിലെ പ്രകടനം നിരാശാജനകമായതിനാൽ സിറാജിന്‍റെ സ്ഥാനം ഉറപ്പല്ലെന്ന് സൂചനകളുണ്ടായിരുന്നു.